Gulf
യു എ ഇയുടെ ചൊവ്വ ദൗത്യത്തിനു തുടക്കം; ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു

ദുബൈ | യു എ ഇയുടെ ചൊവ്വ ദൗത്യത്തിന് വിജയകരമായ തുടക്കം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് ജപ്പാനിലെ തനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് ചരിത്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണ വാഹനം ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്നും ചൊവ്വയില്‍ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തുന്ന ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പെടുത്തി. ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് ആണ് ഇത് വെളിപ്പെടുത്തിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രോബ് ടെലികോമില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ദുബൈ അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് ലഭിച്ചു. 1.3 ടണ്‍ ഭാരം വരുന്നതാണ് ഹോപ്പ് പ്രോബ്. എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിര്‍ഹം ചെലവിട്ടുള്ളതാണ് പദ്ധതി. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു തവണ മാറ്റിവച്ച വിക്ഷേപണമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയായത്.