Connect with us

Gulf

ഐ സി എഫ് പ്രവര്‍ത്തകരുടെ മരണം; തേങ്ങലടക്കാന്‍ കഴിയാതെ പ്രവാസലോകം

Published

|

Last Updated

മുഹമ്മദ് ജലാല്‍ മുസ്‌ലിയാര്‍, നാസര്‍ മുസ്‌ലിയാര്‍

ജിദ്ദ | മഹ്ജര്‍ സനാഇയ്യയില്‍ ഒരേ ദിവസം രണ്ട് മലയാളികളുടെ വേര്‍പാട് പ്രവാസ ലോകത്തെ സങ്കടക്കണ്ണീരിലാഴ്ത്തി. സജീവ ഐ സി എഫ് പ്രവര്‍ത്തകരായ കൂട്ടിലങ്ങാടി ചെലൂര്‍ മൈലപ്പുറം സ്വദേശി നാസര്‍ മുസ്‌ലിയാര്‍ (55), അരീക്കോട് വടശ്ശേരി സ്വദേശി മുഹമ്മദ് ജലാല്‍ മുസ്‌ലിയാര്‍ (47) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. നാസര്‍ മുസ്ലിയാര്‍ സനാഇയ്യയില്‍ അല്‍ മുര്‍ഖി കമ്പനിയിലും മുഹമ്മദ് ജലാല്‍ ഹിദാദ കമ്പനിയിലും ജീവനക്കാരായിരുന്നു. ഏവര്‍ക്കും പ്രിയപ്പെട്ട ഇരുവരും പൊതുരംഗങ്ങളില്‍ നിറഞ്ഞു നിന്ന ഐ സി എഫ് പ്രവര്‍ത്തകരായിരുന്നു. മുഹമ്മദ് ജലാല്‍ മഹ്ജര്‍ സെക്ടര്‍ പബ്ലിക്കേഷന്‍ പ്രസിഡന്റും നാസര്‍ മുസ്‌ലിയാര്‍ സനാഇയ്യ യൂനിറ്റ് എക്‌സിക്യൂട്ടിവുമാണ്. മതപണ്ഡിതരുമായിരുന്നു ഇരുവരും.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാസര്‍ മുസ്‌ലിയാരെ കുട്ടുകാര്‍ മഹ്ജറിലെ അല്‍ ഹയാത്ത് ഹോസ്പിറ്റലിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നസീമ പാലെംപടിയന്‍, മക്കള്‍: അബ്ദുല്‍ അഹദ്( ജിദ്ദ), മുര്‍ശിദ് (ദുബൈ) അബ്ദുല്‍ മാജിദ് (ബുഖാരി ദഅവാ കോളേജ് കൊണ്ടോട്ടി), സാബിത്ത്, മുര്‍ശിദ, മരുമക്കള്‍: ഫാസില്‍ കാരക്കുന്ന്, മുഫീദ.

രക്തസംബന്ധമായ അസുഖം കാരണം ഒന്നര മാസമായി ഇര്‍ഫാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജലാല്‍. ഇടക്ക് രോഗത്തിന് ചെറിയ ആശ്വാസം വന്നപ്പോള്‍ തുടര്‍ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോഗ്യ നില മോശമായി വീണ്ടും ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരേതനായ വടശേരി കൊടാകോടന്‍ മൂസ ഹാജിയുടെ മകനാണ്. ഭാര്യ: സാബിറ. ജുനൈദ്, ജുമാന, ശദ, നജ എന്നിവര്‍ മക്കളാണ്. മരുമകന്‍: അബ്ദുര്‍റഹിം സഖാഫി. സഹോദരങ്ങള്‍: അഡ്വ. ശംസുദ്ദീന്‍, നിയാസുദ്ദീന്‍ (ഇരുവരും ജിദ്ദ), ശിഹാബുദ്ദിന്‍, സഫിയ, ഹഫ്‌സത്ത്, സൗദ, മുര്‍ശിദ.

ഐ സി എഫ് വെല്‍ഫെയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുവരുടെയും ജനാസ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നു. അബ്ബാസ് ചെങ്ങാനി, ഹനീഫ പെരിന്തല്‍മണ്ണ, അബൂ മിസ്ബാഹ് ഐക്കരപ്പടി, ഫജ്ല്‍ കോഴിക്കോട് എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
നാസര്‍ മുസ്‌ലിയാര്‍, മുഹമ്മദ് ജലാല്‍ എന്നിവരുടെ നിര്യാണത്തില്‍ ജിദ്ദ സെന്‍ട്രല്‍ ഐ സി എഫ് ദുഃഖവും അനുശ്വേചനവും രേഖപ്പെടുത്തി. ശാഫി മുസ്‌ലിയാര്‍, അബ്ദുര്‍റഹിം വണ്ടൂര്‍, മുജീബ് എ ആര്‍ നഗര്‍, മൊയ്തീന്‍ കുട്ടി സഖാഫി, ബശീര്‍ പറവൂര്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഇരുവരുടെയും നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.