Connect with us

Articles

അയാ സോഫിയയുടെ വീണ്ടെടുപ്പ്

Published

|

Last Updated

ജൂലൈ 15 ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ നിര്‍ണായക ദിനമായിരിക്കുന്നു. ഈ ദിനത്തെ സവിശേഷമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പല പ്രതിനിധാനങ്ങളിലൂടെ കടന്ന് വന്ന ഇസ്താംബൂളിലെ അയാ സോഫിയ (ഹഗിയ സോഫിയ)ക്ക് അതിന്റെ ഏറ്റവും നീതിപൂര്‍ണമായ ആവിഷ്‌കാരം തിരിച്ചുലഭിച്ചുവെന്നതാണ്. അവിടെ ബാങ്ക് വിളിയുയരുമ്പോള്‍ തുര്‍ക്കി അതിന്റെ രാഷ്ട്രീയ ശക്തിയും മതപരമായ മുന്‍ഗണനയും പ്രഖ്യാപിക്കുകയാണ്. രണ്ടാമത്തേതും തുര്‍ക്കിയുടെ നിശ്ചയ ദാര്‍ഢ്യമാണ് അടയാളപ്പെടുത്തുന്നത്. പാശ്ചാത്യശക്തികള്‍ നിരന്തരം നടത്തിയ കുത്തിത്തിരിപ്പുകളുടെ അവസാന പതിപ്പ് അരങ്ങേറിയത് 2016 ജൂലൈ 15നായിരുന്നു. പുറത്ത് നിന്നുള്ള കരുനീക്കങ്ങള്‍ എങ്ങനെയാണ് വ്യവസ്ഥാപിത ഭരണകൂടത്തെ അട്ടിമറിക്കുന്നത് എന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു തുര്‍ക്കി പട്ടാള മേധാവികള്‍ അന്ന് നടത്തിയ കലാപം.

വലിയ നക്ഷത്രങ്ങള്‍ തോളില്‍ പേറിയ പട്ടാളക്കാര്‍ തെരുവിലിറങ്ങി, പാര്‍ലിമെന്റ് ആക്രമിച്ചു, സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ത്തു. എന്നാല്‍, പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ജനതയും അക്ഷരാര്‍ഥത്തില്‍ കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇസ്താംബൂളിലും അങ്കാറയിലുമെല്ലാം കണ്ടത്. രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം പട്ടാള ബാരക്കുകളില്‍ ബന്ദിയാക്കപ്പെടുമായിരുന്ന ചരിത്രസന്ധിയെ ഏറ്റവും ഉജ്ജ്വലമായ ചെറുത്തുനില്‍പ്പിലൂടെ മറികടക്കുകയാണ് തുര്‍ക്കി ജനത ചെയ്തത്. ബോസ്ഫറസ് പാലത്തില്‍ സാധാരണക്കാര്‍ ഇരച്ചെത്തി. അവര്‍ സൈനിക ടാങ്കുകള്‍ക്ക് മുന്നില്‍ കിടന്നു. സംഘമായി സൈനികരെ വളഞ്ഞു.

ആ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയ ശേഷം മൂന്ന് സുപ്രധാന പരിവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി രാഷ്ട്രീയ സംവിധാനം വിധേയമായി. ഒന്ന്, രാജ്യം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറി. ഹിതപരിശോധന നടത്തിയാണ് ഈ മാറ്റത്തിനായുള്ള ഭരണഘടനാ ഭേദഗതി സാധ്യമാക്കിയത്. ഈ മാറ്റം ഉര്‍ദുഗാന് കൂടുതല്‍ ഇച്ഛാശക്തി പകര്‍ന്നു. വിദേശ ആശ്രിതത്വം ചുരുക്കുകയെന്ന തീരുമാനത്തിലേക്ക് ഭരണകൂടം എത്തിച്ചേര്‍ന്നുവെന്നതാണ് രണ്ടാമത്തെ മാറ്റം. പാശ്ചാത്യരുമായുള്ള ബന്ധം നേരത്തേ ലംബമായിരുന്നു. ഉടമ- അടിമ ബന്ധം. ഇപ്പോഴത് തിരശ്ചീനമായി. അമേരിക്കയടക്കമുള്ളവരുമായി നേര്‍ക്കുനേര്‍ സംസാരിക്കുന്ന നില വന്നു. പാശ്ചാത്യേതര ശക്തികളുമായി ബന്ധം ഊഷ്മളമാക്കി. റഷ്യയുമായി സാമ്പത്തിക, സൈനിക ബന്ധം സുദൃഢമായത് അങ്ങനെയാണ്.

രാഷ്ട്രീയ സ്ഥിരതയുടെ പുതിയ അധ്യായത്തിലേക്ക് തുര്‍ക്കി ഉണര്‍ന്നുവെന്നതാണ് ഈ മാറ്റങ്ങളുടെ ആത്യന്തിക ഫലം. തുര്‍ക്കിയുടെ ബഹുസ്വര പാരമ്പര്യം അതേപടി തുടരുമ്പോള്‍ തന്നെ, അടിയുറച്ച വിശ്വാസിയായ ഉര്‍ദുഗാന്റെ കീഴില്‍ മതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള രാജ്യമായി മാറി. യൂറോപ്യനായി മാറാന്‍ പൂമുഖത്ത് നിന്ന് സ്വീകരണ മുറിയിലേക്കും അവിടെ നിന്ന് അകം മുറിയിലേക്കും മതത്തെ ഒതുക്കിയിരുന്ന പഴയ കാല അനുഭവങ്ങളെ വകഞ്ഞുമാറ്റി പൊതുമണ്ഡലത്തിന്റെ മധ്യത്തിലേക്ക് മതവിശ്വാസം സുന്ദരമായി ആനയിക്കപ്പെട്ടു. ഈ പരിവര്‍ത്തനത്തിന്റെ സ്വാഭാവിക വികാസമായാണ് അയാ സോഫിയയെ മസ്ജിദായി പ്രഖ്യാപിച്ചതിനെ കാണേണ്ടത്. ഒരു കാലത്ത് ഓര്‍ത്തഡോക്സ്/ റോമന്‍ കാത്തലിക് കത്തീഡ്രലും കുരിശുയുദ്ധ തന്ത്രങ്ങളുടെ ഈറ്റില്ലവുമായി നിലകൊണ്ടു ശില്‍പ്പ ഭംഗിയുടെ മഹാത്ഭുതമായ അയാ സോഫിയ. ഓട്ടോമന്‍ ഭരണാധികാരികളുടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയത്തിനൊപ്പം മസ്ജിദായി വ്യക്തിത്വം സിദ്ധിച്ച അയാ സോഫിയയില്‍ അഞ്ച് പതിറ്റാണ്ട് ബാങ്ക് വിളിയുയര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തുര്‍ക്കിയെ കീഴടക്കിയ തീവ്ര മതേതര വാദം മതനിരാസമായി മാറുകയും അത്താ തുര്‍ക്കായി (തുര്‍ക്കിയുടെ പിതാവ്) മുസ്തഫാ കമാല്‍ പാഷ കൊണ്ടാടപ്പെടുകയും ചെയ്തപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രം മാത്രമായി അയാ സോഫിയ മാറി. പ്രാര്‍ഥനകള്‍ നിലച്ചു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയത്തിന്റെ ശില്‍പ്പി പ്രായം മുപ്പതുകളിലെത്തിയിട്ടില്ലാത്ത സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് ആയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ പ്രതീകമെന്ന നിലയില്‍ അയാ സോഫിയക്ക് മേലുള്ള ആധിപത്യം രാഷ്ട്രീയ വിജയ പ്രഖ്യാപനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കരുതി. “വിശുദ്ധ ജ്ഞാനം” എന്നാണ് അയാ സോഫിയ എന്നതിനര്‍ഥം. ഈ നിര്‍മിതിയുടെ ആദ്യരൂപം പണി കഴിപ്പിച്ചത് ആറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമനാണ്. അയാ സോഫിയയുടെ ഒറിജിനല്‍ സ്‌ട്രേക്ചര്‍ കോട്ടയുടേതാണ്. രൂപത്തില്‍ തന്നെ മതപരമായ സ്വത്വത്തേക്കാള്‍ ഭരണ കേന്ദ്രം, സൈനിക കേന്ദ്രം തുടങ്ങിയവ മുന്നിട്ടുനില്‍ക്കുന്ന നിര്‍മിതിയാണത്. റോമന്‍, ഓര്‍ത്തഡോക്സ് തര്‍ക്കങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും അഗ്നി ബാധയുടെയും ചരിത്ര സന്ധികളിലൂടെ കടന്നുവന്ന കെട്ടിടം മത കേന്ദ്രമായിക്കൂടി പരിവര്‍ത്തിപ്പിക്കപ്പെട്ടുവെന്നതാണ് സത്യം. രാഷ്ട്രീയവും മതവും ഇഴുകിച്ചേര്‍ന്ന ആ കാലത്ത് ഇതില്‍ അത്ഭുതപ്പെടാനില്ല. മുസ്്ലിംകള്‍ക്കെതിരായ രാജശാസനകള്‍ മുഴങ്ങിയ, സൈനിക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ട അധികാര കേന്ദ്രമെന്ന നിലയില്‍ യുദ്ധ വിജയത്തിന്റെ ആദ്യത്തെ പ്രഖ്യാപനം ഈ നിര്‍മിതി കീഴടക്കിക്കൊണ്ടായിരിക്കുമെന്നത് സ്വാഭാവികമാണല്ലോ.
ആ അര്‍ഥത്തില്‍, സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് കീഴടക്കിയത് കത്തീഡ്രല്‍ ആയിരുന്നുവെന്ന് തീര്‍ത്ത് പറയുന്നത് ചരിത്രപരമായ വസ്തുതയാകില്ല. അധികാര സംസ്ഥാപനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി അയാ സോഫിയയെ തന്റെ സ്വകാര്യ സ്വത്താക്കി മുഹമ്മദ് മാറ്റിയെന്നതാണ് സത്യം. അഥവാ, അദ്ദേഹത്തെ നയിച്ചത് മതപരമായ കാരണമായിരുന്നില്ല. രാഷ്ട്രീയമായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പത്രിയാര്‍ക്കീസ് ഗ്രനേഡിയസ് സ്‌കൊളാരിയസ് ബാവയുമായുള്ള ചര്‍ച്ചയില്‍ സഭാസ്ഥാനമാനങ്ങള്‍ അനുവദിക്കുമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടാകില്ലെന്നും സുല്‍ത്താന്‍ ഉറപ്പ് നല്‍കി. 1934ലാണ് ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ കമാല്‍ പാഷ അയാ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത്.

ഈ സംഭവഗതികളില്‍ ചില സത്യങ്ങള്‍ കണ്ടെടുക്കാനാകും. ഒന്നാമതായി, ഇതര മത ദേവാലയം ഏകപക്ഷീയമായി പിടിച്ചെടുക്കുകയല്ല ചെയ്തത്. നിര്‍മിതിക്കകത്ത് അഭയം തേടിയവരോടുള്ള കടമകള്‍ സുല്‍ത്താന്‍ മുഹമ്മദ് നിര്‍വഹിച്ചു. അനുരഞ്ജനത്തിന്റെ വഴി തേടി. ചുറ്റുമുള്ള ഒരു ദേവാലയത്തെയും അദ്ദേഹം മസ്ജിദായി പരിവര്‍ത്തിപ്പിച്ചില്ല. രണ്ടാമതായി, അത്താതുര്‍ക്ക് ചെയ്തത് ചരിത്രവിരുദ്ധമായ നടപടിയാണെന്ന് കാണാനാകും. നൂറ്റാണ്ടുകള്‍ മതപരമായ പ്രതിച്ഛായ ഉണ്ടായിരുന്ന ഒരു നിര്‍മിതിയെ അങ്ങനെയല്ലാതെയാക്കി മാറ്റുകയെന്ന കൈയേറ്റമാണ് അദ്ദേഹം നടത്തിയത്. ഏറ്റവും ഒടുവില്‍ തുര്‍ക്കിയില്‍ നടന്നതെന്താണ്? വേണമെങ്കില്‍ ഉര്‍ദുഗാന് ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ടൂറിസ്റ്റ് കേന്ദ്രത്തെ പള്ളിയാക്കി പ്രഖ്യാപിക്കാമായിരുന്നു, പ്രാര്‍ഥനകള്‍ തുടങ്ങാമായിരുന്നു. എന്നാല്‍, ഈ വിഷയത്തെ ഒരു ജുഡീഷ്യല്‍ പരിശോധനക്ക് വെക്കുകയാണ് അദ്ദേഹം ചെയ്തത്. കോടതി ഐകകണ്ഠ്യേന വിധി പുറപ്പെടുവിച്ചു. തീര്‍ച്ചയായും തനിക്ക് കൈവന്ന പ്രസിഡന്‍ഷ്യല്‍ അധികാരം ആ വിധി നടപ്പാക്കാന്‍ അദ്ദേഹം ഉപയോഗിച്ചു.

ഏതായാലും ഉര്‍ദുഗാന് നേരെ പാശ്ചാത്യ രാജ്യങ്ങള്‍ വലിയ വിമര്‍ശം അഴിച്ചുവിടുകയാണ്. ചിലര്‍ പറയുന്നു, പള്ളി പകുക്കണമെന്ന്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശത്തിന്റെ സ്റ്റാറ്റസ് മാറ്റാമോ എന്നാണ് മറ്റൊരു ചോദ്യം. ഈ ചോദ്യങ്ങളെറിയുന്നവര്‍ക്ക് ജറൂസലമിന്റെ സ്റ്റാറ്റസിനെ കുറിച്ച് എന്ത് പറയാനുണ്ട്? ഇസ്റാഈലിന്റെ ഉത്ഭവത്തിന് കാരണമായ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പോലും ജറൂസലമിന്റെയും മസ്ജിദുല്‍ അഖ്സയുടെയും പൈതൃകം ഹനിക്കരുതെന്ന് പറയുന്നുണ്ട്. വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോ പാലിക്കണമെന്നാണ് നിഷ്‌കര്‍ഷ. 1948ല്‍ ഇസ്റാഈല്‍ പിറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യു എന്‍ ഇറക്കിയ 194ാം നമ്പര്‍ പ്രമേയവും ഇത് ഊന്നിപ്പറയുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലം പൂര്‍ണമായി ഇസ്റാഈലിന് തീറെഴുതാന്‍ അധികാരം പ്രയോഗിക്കുന്ന അമേരിക്കയാണ് തുര്‍ക്കിയെ വിമര്‍ശിക്കുന്നത്. ഉര്‍ദുഗാന്‍ ഭരണകൂടത്തോട് നേരത്തേയുള്ള കലിപ്പ് അയാ സോഫിയയുമായി കൂട്ടിക്കെട്ടാനാണ് അമേരിക്കയടക്കമുള്ളവര്‍ ശ്രമിക്കുന്നത്. തുര്‍ക്കിയുടെ ആഭ്യന്തര കാര്യമാണ് അതെന്നും അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് റഷ്യ പ്രതികരിച്ചത്. വ്യത്യാസം വ്യക്തമല്ലേ. അയാ സോഫിയ അല്ല പ്രശ്നം. സിറിയ, ലിബിയ തുടങ്ങിയ ഇടങ്ങളിലെ ഇടപെടലും ആയുധ, വ്യാപാര കരാറുകളുമാണ് പ്രശ്നം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest