Kerala
ചികിത്സാ സഹായം: പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നുംപറമ്പിലടക്കം നാല് പേര്‍ക്ക് എതിരെ കേസ്

കൊച്ചി | ഓണ്‍ലൈന്‍ വഴി അഭ്യര്‍ഥന നടത്തി ചികിത്സാ സഹായത്തിനായി സ്വരൂപിച്ച തുകയുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടയുടെ പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വര്‍ഷയുടെ പരാതിയിലാണ് കേസ്. ഫിറോസ് കുന്നും പറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
അക്കൗണ്ടിലെത്തിയ വന്‍ തുക പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് വര്‍ഷയുടെ പരാതി. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. വര്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അക്കൗണ്ടിലേയ്ക്ക് ആരൊക്കെയാണ് പണം അയച്ചത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്നും ഐജി വ്യക്തമാക്കി.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ മാതാവിന്റെ ചികിത്സയ്ക്കായാണ് ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരം നടത്തിയത്. സഹായഭ്യര്‍ഥനയുമായി വര്‍ഷ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചാരിറ്റി പ്രവര്‍ത്തകരായ സാജനും ഫിറോസും ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒന്നേകാല്‍ കോടി രൂപയിലധികമാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. എന്നാല്‍ വര്‍ഷയുടെ അമ്മയുടെ ചികിത്സക്ക് ആവശ്യമായ തുക എടുത്ത് ബാക്കി തുക മറ്റു രോഗികള്‍ക്കായി വിനിയോഗിക്കുന്നതുന് തുക ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ചാരിറ്റി പ്രവര്‍ത്തകര്‍ വര്‍ഷയെ സമീപിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ തനിക്കെതിെര ഭീഷണി മുഴക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തുവെന്നാണ് വര്‍ഷ പരാതിയില്‍ പറയുന്നത്.