National
രാജ്യത്തെ മാതൃമരണനിരക്കിൽ ഇടിവെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി| രാജ്യത്തെ മാതൃ മരണ അനുപാതം 7.4 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015-17ൽ 122 ആയിരുന്ന മാതൃമരണനിരക്ക് 2016-18ൽ 113 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. രാജസ്ഥാൻ, യു പി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാതൃമരണ നിരക്ക് 2011-2013ൽ 167ൽ നിന്ന് 2014-16ൽ 130 ആയും 2015-17ൽ 122 ആയും 2016-18ൽ 113 ആയും കുറഞ്ഞു. ഒരു സ്ത്രീ ഗർഭാവസ്ഥയിൽ അല്ലെങ്കിൽ പ്രസവിച്ച് 42 ദിവസത്തിനുള്ളിൽ ആകസ്മികമോ മറ്റേതെങ്കിലും കാരണങ്ങളോ മരിക്കുന്നതിനെയാണ് മാതൃമരണം എന്ന് പറയുന്നത്. ഈ നിരന്തരമായ ഇടിവിലൂടെ 2030ഓടെ ഒരു ലക്ഷം തത്സമയ ജനനങ്ങൾക്ക് 70 എന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളും 2020 ഓടെ ദേശീയ ആരോഗ്യ നയവും ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒരേ കാലയളവിൽ നടക്കുന്ന ഒരു ലക്ഷം തത്സമയ ജനനങ്ങളിൽ ഒരു നിശ്ചിത കാലയളവിലെ അനുപാതമാണ് മാതൃമരണ അനുപാതമായി കണക്കാക്കുക.
സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നിലവിൽ മൂന്നിൽ നിന്ന് അഞ്ചായി ഉയർന്നു. കേരളം(43), മഹാരാഷ്ട്ര(46),തമിഴ്‌നാട്(60),തെലങ്കാന(63), ആന്ധ്രാപ്രദേശ്(65) എന്നിവയാണ് ഈ അഞ്ച് സംസ്ഥാനങ്ങൾ. ദേശീയ ആരോഗ്യ ലക്ഷ്യം കൈവരിക്കുന്ന 11 സംസ്ഥാനങ്ങളിൽ മുകളിൽ പറഞ്ഞ അഞ്ചും ഝാർഖണ്ഡ്(71), ഗുജറാത്ത്(75), ഹരിയാന(91), കർണാടക(92),പശ്ചിമബംഗാൾ(98), ഉത്തരാഖണ്ഡ്(99)എന്നിവയും ഉൾപ്പെടുന്നു. പഞ്ചാബ് (129),ബിഹാർ(149), ഒഡീഷ(150) എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാതൃമരണനിരക്ക് 100-150 ആണ്. ഛത്തിസ്ഗഢ്(159),രാജസ്ഥാൻ(164),മധ്യപ്രദേശ്(173), ഉത്തർപ്രദേശ്(197) അസം(215) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് 150 ന് മുകളിലാണ്.