Kerala
എല്‍ഡിഎഫിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ല; മുഖ്യമന്ത്രിക്ക് പിന്തുണ: കോടിയേരി

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ നിലപാടുകള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടി മാതൃകാപരമാണെന്നും സർക്കാറിന് മുകളിൽ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാറിന് എതിരെയാക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന്റെ മറവില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. അക്രമസമരം സംഘടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് കോണ്‍ഗ്രസും ലീഗും പിന്തുണ നല്‍കുകയാണ്. സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം സര്‍ക്കാറിന്റെ ശക്തി തെളിയിക്കുമെന്നും അരാജക സമരം നടത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫിനും സിപിഎമ്മിനും ഒന്നും മറച്ചുവെക്കാനില്ല. സർക്കാറിന് പിന്നിൽ സിപിഎമ്മും എൽഡിഎഫും ഒറ്റക്കെട്ടാണ്. എന്‍ഐഎ അന്വേഷണത്തിലൂടെ എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും. 31ാം തീയതി വരെ മറ്റു പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അതിനാല്‍ ആഗസ്റ്റ് ആദ്യവാരം ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എല്ലായിടങ്ങളിലും പാര്‍ട്ടി നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും ചേര്‍ന്ന് ഗൃഹ സന്ദര്‍ശന പരിപാടി നടത്തും. ആഗസ്റ്റ് 16ന് ബ്രാഞ്ച് തലങ്ങളിലും വിശദീകരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രചാരണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.