Kerala
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ആരോപണങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായയെ ബാധിച്ചുവെന്നും ഉദ്യോഗസ്ഥരെ ശ്രദ്ധിക്കുന്നതില്‍ ഉണ്ടായ ജാഗ്രതക്കുറവ് പ്രതിപക്ഷത്തിന് മുതലെടുക്കാനുള്ള അവസരമൊരുക്കിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ശിവശങ്കര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് യോഗം വ്യക്തമാക്കി. അദ്ദേഹത്തിന് ഒരു പിന്തുണയും നല്‍കേണ്ട കാര്യമില്ല. ശിവശങ്കര്‍ ഒഴികെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാള്‍ക്കും സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറിനെ തള്ളുന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന ആക്രമണങ്ങളെ ശക്തമായി നേരിടാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിഷയം മുന്നണിയെയും സര്‍ക്കാറിനെയും ഒരു നിലക്കും ബാധിക്കില്ല. മറ്റു ഘടകകക്ഷികളെയും ഇക്കാര്യം ബോധ്യപ്പെടുത്തുവാനും തീരുമാനമായി.