Gulf
കൊവിഡ്-19; ഡി എച്ച് എ കോൺടാക്ട് സെന്ററിലേക്ക് 11 ലക്ഷത്തിലധികം ഫോൺ വിളികൾ

ദുബൈ | കൊറോണ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ അന്വേഷണങ്ങൾക്കായി ദുബൈ ഹെൽത് അതോറിറ്റി (ഡി എച്ച് എ) കോൺടാക്ട് സെന്ററിലേക്ക് 1,112,621 ഫോൺകോൾ ലഭിച്ചതായി ഡി എച്ച് എ ഉപഭോക്തൃ സന്തുഷ്ടി വിഭാഗം ഡയറക്ടർ ഫാത്മ അൽ ഖാജ.
ഇതിൽ 401,633 വിളികളും കൊവിഡ്-19മായി ബന്ധപ്പെട്ടുള്ളതായിരുന്നു.
കഴിഞ്ഞ മാസം തുടക്കം മുതൽ ഈ മാസം 10 വരെ മാത്രം 181,623 ഫോൺ കോൾ ലഭിച്ചു. ഇതിൽ 70,000ത്തോളം കൊവിഡ്-19മായി ബന്ധപ്പെട്ടതായിരുന്നുവെന്നും ഫാത്്മ അൽ ഖാജ അറിയിച്ചു.
22,537 കോളുകൾ അൽ അഹ്‌ലി, അൽ നാസർ ക്ലബ്ബ് എന്നിവിടങ്ങളിൽ ഏർപെടുത്തിയ ഡ്രൈവ് ത്രൂ കൊവിഡ്-19 പരിശോധനാ ബുക്കിംഗ് അപ്പോയിന്റ്‌മെന്റിനായിരുന്നു.
‘ഡോക്ടർ ഫോർ എവരി സിറ്റിസൺ”ലേക്ക് 69,379 വിളികളെത്തി. കൊവിഡ്-19 അന്വേഷണങ്ങൾക്കും ഉപദേശങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ വീഡിയോ, വോയ്‌സ് കാൾ സംവിധാനമാണിത്.
കൂടുതൽ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളിൽ ശരാശരി 18,000 ഫോൺ കോളുകളെത്തി.
ഡി എച്ച് എ വാട്‌സ്ആപ് നമ്പറിലേക്കും നിരവധി സന്ദേശങ്ങൾ ലഭിച്ചു. നിർമിത ബുദ്ധിയിലാണ് വാട്‌സ്ആപ് നമ്പർ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ബന്ധപ്പെടാം.
50,138 വാട്‌സ്ആപ് ചാറ്റുകളിൽ 47,772 ചാറ്റുകൾക്ക് ഇലക്‌ട്രോണിക് രീതിയിലും 2,366 എണ്ണത്തിന് ലൈവ് ഏജന്റുമാരും മറുപടി നൽകി. ഡി എച്ച് എ വെബ്‌സൈറ്റിലൂടെ 156,058 ചാറ്റുകൾക്കും മറുപടി നൽകി. 83,714 ടെക്സ്റ്റ് മെസേജുകളും അയച്ചുവെന്ന് ഫാത്്മ അൽ ഖാജ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവര കൈമാറ്റത്തിന് ആരോഗ്യ പ്രവർത്തകർ ഒറ്റ ഷിഫ്റ്റിൽ 18 മണിക്കാറണ് സേവനം ചെയ്യുന്നത്.
അന്വേഷണങ്ങൾക്ക്: 800342 (ഡി എച്ച് എ കോൺടാക്ട് സെന്റർ).