പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ

Posted on: July 17, 2020 1:59 pm | Last updated: July 17, 2020 at 1:59 pm

വാഷിംഗ്ടൺ | പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഇ താലിബാൻ നേതാവ് മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. സൗത്ത് വസീരിസ്ഥാൻ സ്വദേശിയായ മെഹ്‌സൂദിനെ യു എൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയാണ് ആഗോള ഭീകരരുടെ പട്ടികയിലേക്ക് ചേർത്തത്.

അൽഖ്വയ്ദയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. സാമ്പത്തിക സഹായം നൽകുക, പദ്ധതികൾ ആവിഷ്‌കരിക്കുക, ഭീകരാക്രമണ നടപടികൾക്ക് പ്രോൽസാഹനം നൽകുക തുടങ്ങിയ കാര്യങ്ങൾ അൽഖ്വയ്ദക്കായി മുഫ്തി നൂർ വാലി മെഹ്‌സൂദ് ചെയ്യുന്നതായി സുരക്ഷാ കൗൺസിൽ കണ്ടെത്തി.

മുഫ്തി നൂർ വാലി മെഹ്‌സൂദ് ഭീകരാക്രമണങ്ങൾ നടത്താൻ ഗൂഢാലോചന ചെയ്യുകയും ഭീകര പരിശീലനകേന്ദ്രങ്ങൾ നടത്തുകയും ചെയ്യുന്നതിന് വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കുന്ന അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. മുഫ്തി നൂർ വാലി മെഹ്‌സൂദ് നേതൃത്വം നൽകുന്ന ടെഹ് രിക് ഇ താലിബാനാണ് പാക്കിസ്ഥാനിൽ നടക്കുന്ന പല ആക്രമണങ്ങൾക്ക് പിന്നിലെന്നും അമേരിക്ക കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്തംബറിൽ തന്നെ ഇയാളെ തീവ്രവാദിയായി ആഭ്യന്തര തലത്തിൽ പ്രഖ്യാപിച്ചിരുന്നതായും അമേരിക്ക പ്രതികരിച്ചതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

ടെഹ് രിക് ഇ താലിബാൻ പാകിസ്ഥാൻ താലിബാൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ നിരവധി ചാവേർ ആക്രമണങ്ങൾക്ക് ഈ ഭീകരസംഘടന നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം. നൂർ വാലി എന്ന പേരിലും മുഫ്തി നൂർ വാലി മെഹ്‌സൂദ് എന്ന ഭീകരവാദി അറിയപ്പെടുന്നുണ്ട്. മുൻ ടി ടി പി നേതാവ് മുല്ല ഫസുല്ലയുടെ മരണത്തെ തുടർന്ന് 2018ലാണ് ഇയാൾ പാകിസ്ഥാൻ താലിബാൻറെ നേതൃസ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ വർഷം ജയ്‌ശെ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഐക്യരാഷ്ട്ര സഭ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

ALSO READ  നാളെ മുതല്‍ ടിക്ടോക്കും വിചാറ്റും ഡൗണ്‍ലോഡ് ചെയ്യുന്നതിന് അമേരിക്കയില്‍ വിലക്ക്