Connect with us

Covid19

കര്‍ണാടകയില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കുന്നു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകള്‍ക്ക് പുറമെ കൂടുതല്‍ ജില്ലകളിലേക്ക് ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കുന്നു. കലബുറഗിയിലെ നഗര പ്രദേശത്ത് മാത്രം ചൊവ്വാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ ബുധനാഴ്ച രാത്രി മുതലും വടക്കന്‍ കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ബുധനാഴ്ച രാവിലെ മുതലും ലോക്ക് ഡൗണ്‍ ആരംഭിക്കും. കൂടാതെ യാദ്ഗിര്‍, റായ്ച്ചൂര്‍, ബിദര്‍ എന്നീ ജില്ലകളിലെ അര്‍ബന്‍ മേഖലയിലാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റായ്ച്ചൂര്‍, സിന്ദന്നൂര്‍ നഗരങ്ങളില്‍ ബുധനാഴ്ച മുതല്‍ 22വരെയാണ് ലോക്ക് ഡൗണ്‍. ധാര്‍വാഡില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ജൂലൈ 24 രാത്രി എട്ടുവരെയാണ്‌ േലാക്ക് ഡൗണ്‍.

ബെംഗളൂരുവില്‍ ഇന്നലെ രാത്രി എട്ടു മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിച്ചു. ജൂലൈ 22 വരെ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ അവശ്യ സര്‍വിസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ അഞ്ചു മുതല്‍ 12 വരെ തുറക്കാം. ഫാര്‍മസികള്‍ക്ക് ഈ സമയ പരിധി ബാധകമല്ല. ബംഗളൂരുവില്‍ ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ ലോക്ഡൗണിന്റെ ഒരുക്കം പൊലീസ് ആരംഭിച്ചിരുന്നു. രാത്രി മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയുള്ള നടപടിയും ആരംഭിച്ചു.

അതേസമയം, ഉഡുപ്പി ജില്ലയില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും രണ്ടാഴ്ചത്തേക്ക് ജില്ല അതിര്‍ത്തികള്‍ സീല്‍ ചെയ്തുകൊണ്ടുള്ള കര്‍ശന നടപടികളാണ് എടുക്കുകെയന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ ഉഡുപ്പി ജില്ലയിലേക്കും ജില്ലയില്‍നിന്ന് പുറത്തേക്കും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് അനുമതിയുണ്ടാകും. ലോക്ഡൗണിന് മുമ്പ് ബംഗളൂരുവില്‍നിന്ന് നാടുകളിലേക്ക് പോകുന്നവരുടെ തിരക്ക് ചൊവ്വാഴ്ചയും തുടര്‍ന്നു. മുത്തങ്ങ വഴിയാണ് കൂടുതല്‍ പേരും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.ഇതോടെ മുത്തങ്ങ അതിര്‍ത്തിയിലെ പരിശോധനക്കായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.