Connect with us

Gulf

കരിപ്പൂരിൽ നിന്ന് ചാർട്ടേഡ് വിമാനം എത്തി

Published

|

Last Updated

റാസ് അൽ ഖൈമ | കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം എത്തി. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലകപ്പെട്ട രണ്ട് യു എ ഇ പൗരന്മാർ ഉൾപെടെ 173 യാത്രക്കാരെയും വഹിച്ചാണ് വിമാനം എത്തിയത്. ഒന്നര മാസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചത്. ദുബൈ കേന്ദ്രമായുള്ള സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസാണ് വിമാനം ചാർട്ടർ ചെയ്തത്. വന്ദേഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നൽകിയതെന്ന് ഇ സി എച്ച് മേധാവി ഇഖ്ബാൽ മാർകോണി അറിയിച്ചു. ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ സാധാരണ വ്യോമ ഗതാഗതം നിലച്ചിട്ട് മാസങ്ങളായി. നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക് ആശ്വാസമായിരിക്കുകയാണ് പ്രത്യേക വിമാനങ്ങൾ. ഇന്നലെ റാസ് അൽ ഖൈമയിൽ എത്തിയത് സ്പൈസ് ജെറ്റ് വിമാനമാണ്.

വരും ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ യു എ ഇയിൽ എത്തും. യു എ ഇ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ഇ സി എച്ച് മാനേജർ ഫാരിസ് ഫൈസലിന്റെ നേതൃത്വത്തിൽ യാത്രക്കാരെ സ്വീകരിച്ചു.

ആദ്യ വിമാനത്തിൽ 19 യാത്രക്കാർ
മാസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം  കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക്  സർവീസ്  പുനരാരംഭിച്ച ആദ്യ വിമാനത്തിൽ 19 യാത്രക്കാർ. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10:50ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം യു എ ഇ സമയം  ഉച്ചക്ക് 1:08നാണ് അബുദാബിയിലെത്തിയത്. 15 മുതിർന്നവരും നാല് കുട്ടികളുമടക്കം 19 യാത്രക്കാരാണ് വിമാനത്തിലുണ്ടായത്. ജൂലൈ 12 മുതൽ 26 വരെയുള്ള 15 ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്നും 50 ഓളം വിമാനങ്ങളാണ് യു എ ഇയിലേക്ക് സർവീസ് നടത്തുക.

---- facebook comment plugin here -----

Latest