അനന്തരം, ഹിന്ദുത്വ വര്‍ഗീയതയെ ഒളിച്ചുകടത്തും

ശബരിമലയില്‍ പാടിയ പിന്‍പാട്ട്, സ്വര്‍ണക്കടത്തിലും പാടാന്‍ തുടങ്ങിയാല്‍ ഹിന്ദുത്വ വര്‍ഗീയതക്ക് വിളവെടുക്കാന്‍ മണ്ണൊരുക്കുന്നവരായി കോണ്‍ഗ്രസ് കൂടുതല്‍ മാറും.
Posted on: July 13, 2020 4:05 am | Last updated: July 12, 2020 at 11:29 pm

ഇത് മറ്റൊരു സുവര്‍ണാവസരമാണ്. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന് തുറന്നെടുക്കാന്‍ ശ്രമിച്ചതു പോലൊരു സുവര്‍ണാവസരം. അന്ന് അവസരത്തെ സുവര്‍ണമാക്കാന്‍ ശ്രമിച്ചത് ബി ജെ പിയുടെ അക്കാലത്തെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാദികളാണെങ്കില്‍ ഇക്കുറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണെന്ന വ്യത്യാസമുണ്ട്. ശ്രീധരന്‍ പിള്ള സുവര്‍ണാവസരം ലാക്കാക്കിയപ്പോള്‍ ഗുണമുണ്ടായത് കോണ്‍ഗ്രസിനും യു ഡി എഫിനുമാണെന്നാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പാഠം. ഇക്കുറി അതുണ്ടാകാതെ നോക്കാന്‍ മുരളീധര – സുരേന്ദ്രാദികള്‍ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയത് കണ്ടെത്തിയതിലെ വസ്തുതകള്‍ക്കപ്പുറത്തുള്ള അഭ്യൂഹങ്ങളും കഥകളും നുണക്കഥകളുമൊക്കെ ആത്യന്തികമായി സംഘ്പരിവാര അജന്‍ഡകള്‍ക്കുള്ള സുവര്‍ണാവസരമാണെന്നതില്‍ ശങ്ക വേണ്ട.

ഇടതിലും ഐക്യത്തിലും വെട്ടാന്‍ പാകത്തിലുള്ള വാളായി ഉപയോഗിക്കാനാകുമെന്നതാണ് അമിത് ഷാ തുറന്നിട്ട സുവര്‍ണാവസരത്തിന്റെ പ്രത്യേകത. കേസന്വേഷണത്തിന്റെ ചുമതലയേറ്റെടുത്തതിന് പിറ്റേന്ന് സംഗതി ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്ന് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) കോടതിയെ അറിയിച്ചു. രാജ്യ ഖജനാവിലേക്ക് എത്തിച്ചേരേണ്ട നികുതി വെട്ടിച്ച് വലിയ തോതില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് സാമ്പത്തിക ആക്രമണമാണ്. അതുവഴി രാജ്യത്തെ ദുര്‍ബലപ്പെടുത്തലും. അതുകൊണ്ടുതന്നെ എന്‍ ഐ എയെ കേസ് ഏല്‍പ്പിച്ചതില്‍ യുക്തിരാഹിത്യമില്ല. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണമോ അത് വിറ്റുകിട്ടുന്ന പണമോ എന്തൊക്കെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു? രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനും അഖണ്ഡത ഇല്ലാതാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇത് ഉപയോഗിക്കുന്നുണ്ടോ? ഉപയോഗിക്കുന്നുണ്ട് എന്നാണ് എന്‍ ഐ എ കരുതുന്നത്. അതുകൊണ്ടാണ് ഭീകര പ്രവര്‍ത്തനം, ഭീകര പ്രവര്‍ത്തനത്തിനുള്ള പണ സമാഹരണം, ഭീകര പ്രവര്‍ത്തനത്തെ സഹായിക്കല്‍, അതില്‍ അറിഞ്ഞുകൊണ്ട് പങ്കാളിയാകല്‍ എന്നീ കുറ്റങ്ങള്‍, പ്രാഥമികമായ അന്വേഷണം പോലും നടത്തുന്നതിന് മുമ്പ്, ചുമത്താന്‍ അവര്‍ തീരുമാനിച്ചത്. അതൊരു മുന്‍വിധി കൂടിയാണ്, അന്വേഷണം ഏത് വിധത്തിലാണ് പോകേണ്ടത് എന്നതില്‍ രാഷ്ട്രീയാധികാരം നിശ്ചയിച്ച അജന്‍ഡ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള മുന്‍വിധി.

സ്വര്‍ണക്കടത്തുകാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചുവെന്ന ആരോപണമാണ് ആദ്യത്തേത്. അത്തരമൊരു ആരോപണമുയര്‍ത്താന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി കൂടിയായിരുന്ന ഐ ടി സെക്രട്ടറി ശിവശങ്കറാണ്. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിങ്ങനെ പൊടുന്നനെ മുളച്ചുപൊങ്ങുന്ന തകരകള്‍, അധികാര സ്ഥാനത്തിരിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും ബന്ധം ദൃഢമാക്കാന്‍ പാകത്തിലുള്ള വിരുന്നുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരക്കാരുടെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാനാകേണ്ടതായിരുന്നു ശിവശങ്കര്‍. ദീര്‍ഘ കാലമായി സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരമാളുകളുടെ ഉദ്ദേശ്യമറിയുക അത്ര പ്രയാസമുള്ള കാര്യവുമല്ല. എന്നിട്ടും ബന്ധം തുടര്‍ന്നെങ്കില്‍, അവരെ സര്‍ക്കാറുമായി ബന്ധപ്പെട്ട ലാവണങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചുവെങ്കില്‍ അതിന് ശിവശങ്കര്‍ പിഴ മൂളിയേ മതിയാകൂ. വിശ്വസ്തരായി ഒപ്പം കൂട്ടിയവര്‍ക്ക് വഴിയിടറുന്നുണ്ടോ എന്ന് മനസ്സിലാക്കാനായില്ല എന്നതില്‍ മുഖ്യമന്ത്രിയുടെ പരാജയമുണ്ട്. തന്റെ ബോധ്യത്തിനപ്പുറത്തുള്ളതിനൊന്നും ഇടം നല്‍കാതിരിക്കുമ്പോള്‍ സംഭവിക്കുന്നതാണ് ഈ പരാജയം.
കള്ളക്കടത്ത് കേസിലും അതുവഴി ഭീകരവാദ കേസിലും ആരോപണ വിധേയരായവരുമായുള്ള അടുത്ത ബന്ധം, സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന ആരോപണത്തിന്റെ നിഴലിലേക്ക് ശിവശങ്കറിനെ നീക്കിനിര്‍ത്താനുള്ള സാധ്യത ഏറെയാണ്. യജമാന സ്‌നേഹം മൂലം ശിവശങ്കറിനെ എന്‍ ഐ എ അങ്ങനെ നീക്കിനിര്‍ത്തുകയും ചെയ്‌തേക്കാം. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളിത്തമെന്ന് ആരോപിക്കുന്നതിലും എളുപ്പമാണ് കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ആരോപിക്കുക. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ആരോപിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നുവെന്നാണ് എന്‍ ഐ എയുടെ നിഘണ്ഡുവനുസരിച്ച് അര്‍ഥം.

ALSO READ  ഓൺലൈൻ പഠനം: കെ എസ് യുവിന് താങ്ങായി എസ് എഫ് ഐ

ദീര്‍ഘകാലം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നയാള്‍ക്കുമേല്‍ ഈ ആരോപണം ചാര്‍ത്തുന്നതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെത്തന്നെ, വേണമെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള പ്രചാരണം, ഇതിനകം തുടങ്ങിയത്, ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംഘ്പരിവാരത്തിന് പ്രയാസമുണ്ടാകില്ല.
അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് അടുത്ത ഘട്ടം. പിടിയിലാകുന്നവര്‍, അവരുമായി ബന്ധം പുലര്‍ത്തിയവര്‍, അവരുമായി അകന്ന ബന്ധുത്വമുള്ളവര്‍ ഒക്കെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്ന ആരോപണം സജീവമാക്കി നിര്‍ത്താം. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നീ പേരുകള്‍ക്ക് ശേഷം വരുന്ന ഫാസില്‍, റമീസ് എന്നിവക്കൊപ്പം മുന്‍കാലങ്ങളില്‍ സ്വര്‍ണക്കടത്തിന് പിടിയിലായവരുടെ പേരുകള്‍ കൂടി ചേര്‍ത്താല്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആഴം കൂട്ടാനുള്ള യജ്ഞം തുടങ്ങാം. “”മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ്” എന്ന നരേന്ദ്ര മോദി സിദ്ധാന്തം അത്ര പഴക്കമുള്ളതല്ല. ഈ സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലേക്ക് എത്തുക എന്നത് അത്ര അകലെയല്ല. അതുവഴി ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലിലേക്ക് നിര്‍ത്തി, വെറുപ്പിന്റെ അന്തരീക്ഷത്തിന് കനമേറ്റി മുതലെടുക്കാന്‍ ശ്രമമുണ്ടാകുമെന്ന് ഉറപ്പ്. നവ മാധ്യമങ്ങളെ അതിന് വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.
പിടിയിലാകുന്നവരുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവര്‍, ബന്ധുത്വമുള്ളവര്‍, അല്ലെങ്കില്‍ അവര്‍കൂടി പങ്കെടുത്ത പൊതു പരിപാടികളില്‍ സാന്നിധ്യമായവര്‍ ഒക്കെ സംശയത്തിന്റെ നിഴലിലാണെന്ന പ്രചാരണവും കൊഴുക്കും. ചിത്രങ്ങളോ ദൃശ്യങ്ങളോ ഒക്കെ ഇതിനായി ഉപയോഗിക്കപ്പെടും. എന്തും വാര്‍ത്തയാകുന്ന ലോകത്ത്, അതൊക്കെ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും സ്വതന്ത്രമെന്ന് വ്യവഹരിക്കപ്പെടുന്ന മാധ്യമങ്ങള്‍ തന്നെ ഉണ്ടാകുകയും ചെയ്യും. അത് സംഘ്പരിവാര അജന്‍ഡകളുടെ പൂര്‍ത്തീകരണത്തിന് അറിഞ്ഞും അറിയാതെയുമുള്ള സഹായമേകും. ഈ ഘട്ടത്തില്‍ ഭരണപക്ഷ പ്രമുഖര്‍ മാത്രമല്ല, പ്രതിപക്ഷത്തെ പ്രമുഖര്‍ കൂടി ലക്ഷ്യങ്ങളാകും. അതിന്റെ ലക്ഷണങ്ങള്‍ ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്. ബി ജെ പിയുടെയോ ഇതര സംഘ്പരിവാര സംഘടനകളുടെയോ നേതാക്കളെ ബന്ധപ്പെടുത്താവുന്ന സംഗതികളും പുറത്തുവന്നേക്കാം. അവരുടെ പങ്ക് കൂടി എന്‍ ഐ എയുടെ അന്വേഷണത്തിന് വിധേയമാക്കുന്ന രാജ്യസ്‌നേഹാതിരേകത്തെക്കുറിച്ച് പ്രസംഗിച്ച് എതിരാളികള്‍ക്കു നേര്‍ക്കുള്ള ആരോപണത്തിന് കനമേറ്റുക പ്രയാസമുള്ള കാര്യമല്ല. ഇപ്പോള്‍ തന്നെ ആരോപണ വിധേയനായ സന്ദീപ് നായര്‍, ബി ജെ പി പ്രവര്‍ത്തകനാണെന്ന് അമ്മ പറഞ്ഞതിനും ആ ദേഹം ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനും മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല. ഏതാണ്ട് അതേ രീതിയായിരിക്കും ഇനിയും തുടരാനിട. അതും സംഘ്പരിവാര അജന്‍ഡക്കാകും തുണയേകുക. ശബരിമലയില്‍ ബി ജെ പി കണ്ട സുവര്‍ണാവസരം റാഞ്ചിയെടുക്കാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും സാധിച്ചുവെങ്കില്‍ അത് ഇവിടെ നടന്നുകൊള്ളണമെന്നില്ലെന്ന് ചുരുക്കം.

സ്വര്‍ണം കടത്തിയത് ആരൊക്കെ, കടത്തിയത് ആര്‍ക്കു വേണ്ടി, കടത്തിന് തുണയായവര്‍ ആരൊക്കെ എന്നതൊക്കെ പുറത്തുവരണം. കടത്തുന്ന സ്വര്‍ണം കറന്‍സിയായി മാറുമ്പോള്‍ എവിടേക്ക് പോകുന്നുവെന്നതും കണ്ടെത്തണം. അതുപോലെ തന്നെ പ്രധാനമാണ് അതിനെ സുവര്‍ണാവസരമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയുക എന്ന രാഷ്ട്രീയവും. അതില്‍ എല്‍ ഡി എഫിനും യു ഡി എഫിനും തുല്യ ഉത്തരവാദിത്വമുണ്ട്. മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് രണ്ട് മുന്നണികളും പറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ശബരിമലയില്‍ പാടിയ പിന്‍പാട്ട്, സ്വര്‍ണക്കടത്തിലും പാടാന്‍ തുടങ്ങിയാല്‍ ഹിന്ദുത്വ വര്‍ഗീയതക്ക് വിളവെടുക്കാന്‍ മണ്ണൊരുക്കുന്നവരായി കോണ്‍ഗ്രസ് കൂടുതല്‍ മാറും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ സുവര്‍ണാവസരങ്ങള്‍ തുറന്നതും ഉപയോഗിച്ചതും കൂടുതല്‍ അറിയുക കോണ്‍ഗ്രസ് നേതാക്കള്‍ക്കാണല്ലോ.

ALSO READ  കൊറോണ വൈറസ് വ്യാപനം; ഡൽഹിക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം