Connect with us

Editorial

ദുബെയുടെ മരണം ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍

Published

|

Last Updated

കുറ്റവാളികളെ- അവരെത്ര ഭീകരരായാലും- കോടതികള്‍ക്ക് മുന്നില്‍ ഹാജരാക്കി വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കുകയാണ് ജനാധിപത്യരീതി. കോടതികള്‍ക്ക് വിട്ടുകൊടുക്കാതെയും പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയും അവരെ കൊലപ്പെടുത്തുന്നത് ഫാസിസ്റ്റ് ഭരണരീതിയാണ്. അതാണ് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വികാസ് ദുബെയുടെ കാര്യത്തില്‍ സംഭവിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് പിടികൂടിയ വികാസ് ദുബെയെ യു പിയിലെ കാൺപൂരിലേക്ക് കൊണ്ടുവരും വഴി അയാള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടെന്നും ഈ തക്കത്തില്‍ വാഹനത്തിലെ പോലീസുകാരുടെ തോക്ക് തട്ടിപ്പറിച്ചെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് ഭാഷ്യം. തലക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്.

എന്നാല്‍, സാഹചര്യത്തെളിവുകള്‍ പോലീസ് വാദത്തെ തുണക്കുന്നില്ല. അപകടം സംഭവിച്ചുവെന്ന് പറയപ്പെടുന്ന കാറിലല്ല ദുബെ സഞ്ചരിച്ചിരുന്നതെന്ന് ടോള്‍ബൂത്തില്‍ നിന്ന് ലഭിച്ച വീഡിയോ വ്യക്തമാക്കുന്നുണ്ട്. ടാറ്റ സഫാരിയിലായിരുന്നു ടോള്‍ബൂത്തിലെത്തിയപ്പോള്‍ ദൂബെ ഇരുന്നിരുന്നത്. അപകടത്തില്‍ പെട്ടതാകട്ടെ മഹീന്ദ്ര ടി യു വിയും. ഇതെങ്ങനെ സംഭവിച്ചു? ഇടക്ക് വെച്ച് ദുബെയെ വേറൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നോ, എങ്കില്‍ അതെന്തിനെന്ന ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരമില്ല. ദുബെ തോക്ക് തട്ടിപ്പറിച്ചുവെന്ന പോലീസ് വാദവും അവിശ്വസനീയമാണ്. അങ്ങനെയെങ്കില്‍ ദുബെയുടെ കൈയില്‍ വിലങ്ങില്ലാതിരിക്കണം. 62 ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെ എന്തുകൊണ്ട് വിലങ്ങുവെച്ചില്ല? എന്ന ചോദ്യമാണ് ഉയരുന്നത്.
ദുബെയെ കൊണ്ടുപോകുന്ന വാഹനങ്ങളെ ഉജ്ജയിന്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന് തൊട്ട് മുമ്പായി അവരെ പോലീസ് തടഞ്ഞു. ദുബെയുടെ വാഹനത്തിന് അകമ്പടിയായി പോയ വാഹനത്തിലെ പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളെ തടയുന്ന ദൃശ്യം ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എൻ ‍ഐ പുറത്തുവിട്ടിട്ടുണ്ട്. വെടിവെപ്പിന്റെ ശബ്ദം കേട്ട പ്രദേശവാസികള്‍ കാര്യമെന്തെന്നറിയാനായി അവിടേക്ക് ചെന്നപ്പോള്‍ പോലീസ് ബലംപ്രയോഗിച്ച് അവരെ തിരിച്ചയക്കുകയുമുണ്ടായി. മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും കാണാന്‍ പറ്റാത്ത ഏറ്റുമുട്ടല്‍ നാടകമായിരുന്നു അവിടെ നടന്നതെന്നാണ് ഇതെല്ലാം നല്‍കുന്ന വ്യക്തമായ സൂചന.

അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് ആസൂത്രിതമായ ഈ വധമെന്നാണ് വിലയിരുത്തൽ. നേരത്തേ, ദുബെയുടെ വീട് ഇടിച്ച് നിരപ്പാക്കിയതും ഇതേലക്ഷ്യത്തോടെയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ബി ജെ പിയുടേതുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ദുബെ. 2001ല്‍ സന്തോഷ് ശുക്ലയെന്ന ബി ജെ പി നേതാവിനെ പോലീസ് സ്റ്റേഷനിൽ ‍വെച്ച് വെടിവെച്ച് കൊന്ന കേസില്‍ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത് സാക്ഷിപ്പട്ടികയിലെ 25 പോലീസുകാരും കൂറുമാറിയതിനെ തുടര്‍ന്നാണ്. എട്ട് പോലീസുകാര്‍ കൊലചെയ്യപ്പെട്ട ജൂലൈ മൂന്നിലെ ആക്രമണം ദുബെ ആസൂത്രണം ചെയ്തതും പോലീസുകാരില്‍ ചിലരുടെ ഒത്താശയോടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അല്ലായിരുന്നെങ്കില്‍ ബിക്ര് ഗ്രാമത്തില്‍ പോലീസ് റെയ്ഡിന്‌ വരുന്ന വിവരം ദുബെയും കൂട്ടാളികളും അറിയാനിടയില്ല . പോലീസ് തലത്തില്‍ ദുബെക്കുള്ള പിടിപാടാണ് ഇത് വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഗുണ്ടാ, ക്രിമിനല്‍ വിളയാട്ടം ശക്തമാണ്. ഇതിന് അറുതിവരുത്തി സംസ്ഥാനത്ത് പൂര്‍ണ സമാധാനം സ്ഥാപിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതനുസരിച്ച് ഭരണമേറ്റെടുത്ത ഉടനെ ഒന്നുകില്‍ പോലീസിന്റെ വെടിയുണ്ടയേറ്റുവാങ്ങുകയോ അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് വിട്ടുപോവുകയോ വേണമെന്ന് ഗുണ്ടകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധരായ പോലീസുകാരെ കളത്തിലിറക്കുകയും ചെയ്തു. യു പി പോലീസിന്റെ കണക്കുകള്‍ പ്രകാരം യോഗിയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് ഇതുവരെ 5,178 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെടുകയും 1,859 പേര്‍ക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്തു. 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടങ്ങുകയോ ചെയ്തു. ന്യൂനപക്ഷങ്ങളും താഴ്ന്ന ജാതിക്കാരും താമസിക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുകള്‍ കൂടുതൽ നടന്നതെന്നത് ഇതിന്റെ വര്‍ഗീയ അജന്‍ഡയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒട്ടേറെ നിരപരാധികള്‍ യു പി പോലീസിന്റെ വേട്ടക്കിരയായിട്ടുണ്ട്. അതേസമയം, ഭരണകക്ഷിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ക്രിമിനലുകൾ ഇപ്പോഴും സുരക്ഷിതരുമാണ്.

ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്നും യോഗി ഉത്തരവിറക്കുമ്പോള്‍ അദ്ദേഹം ഓര്‍ത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട്. ഈ ഉത്തരവ് പ്രകാരം ആദ്യം പുറത്തുപോകേണ്ടയാള്‍ അദ്ദേഹം തന്നെയാണ്. 15 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യോഗി. പ്രതിപക്ഷാരോപണമല്ല ഇത്, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയ വിവരമാണ്. കൊലപാതകശ്രമവും കലാപമുണ്ടാക്കാനുള്ള നീക്കങ്ങളുമുള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാറോ പോലീസോ അല്ല, കോടതികളാണ്. കൊടുംകുറ്റവാളിയാണെന്നത് പോലീസിന് ഒരാളെ കൊല്ലാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി 2012ല്‍ അടിവരയിട്ട് പറഞ്ഞതാണ്. നാടിനെ ക്രിമിനല്‍ മുക്തമാക്കാന്‍ കണ്ണില്‍ കാണുന്നവരെയൊക്കെ കൊന്നുതള്ളാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല ഭരണഘടന. മനുഷ്യാവകാശ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് വികാസ് ദുബെയുടെ കാര്യത്തില്‍ സംഭവിച്ചത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. സംസ്ഥാന പോലീസോ മോദിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരണമെന്നില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്.