Connect with us

Gulf

സ്വപ്നങ്ങള്‍ ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്ക് സഫീര്‍ സലിം യാത്രയായി

Published

|

Last Updated

ദമാം | ബന്ധുക്കളെയും നാട്ടുകാരെയും അഗാധ ദുഃഖത്തിലാഴ്ത്തി വേദനയില്ലാത്ത ലോകത്തേക്ക് സഫീര്‍ യാത്രയായി. കൊല്ലം കുരീപ്പള്ളി സ്വദേശി 24കാരനായ സഫീര്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ സഊദിയിലെ ദമാമിലെത്തിയത്.

പ്രായമായ മാതാപിതാക്കളെയും സഹോദരിയുടെയും സംരക്ഷണം ചെറുപ്രായത്തില്‍ തന്നെ സഫീറിന്റെ ചുമലിലായി. വാടക വീട്ടിലായിരുന്നു താമസം. സഹോദരി വിവാഹമോചിതയുമാണ്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സ്വദേശിയുടെ വീട്ടിലെ അംഗമായി തന്നെ മാറാന്‍ സഫീറിനായി. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു സഫീറിനെ അവര്‍ കണ്ടിരുന്നത്. ജോലിക്കിടെ പെട്ടെന്ന് ആന്തരികാവയങ്ങള്‍ക്കുണ്ടായ അസുഖത്തെ തുടര്‍ന്നായിരുന്നു അഖ്‌റബിയ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ സഫീറിനെ പ്രവേശിപ്പിച്ചത്. രാപ്പകലില്ലാതെ ആശുപത്രിയില്‍ തന്നെ ചെലവഴിച്ചു സ്വദേശി കുടുംബം. രോഗം ഗുരുതമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സഫീര്‍ മരിച്ചത്.

ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍ നാട്ടില്‍ അയക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രോഗം മൂര്‍ച്ഛിച്ചത്. മയ്യിത്ത് തുഖ്ബയില്‍ ഖബറടക്കി. ഐ സി എഫ് നേതാക്കളായ നിസാര്‍ കാട്ടില്‍, ബശീര്‍ ഉള്ളണം, റസാഖ് താനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മയ്യിത്ത് നിസ്‌കാരത്തിനും അനന്തരകര്‍മങ്ങള്‍ക്കും സുബൈര്‍ സഖാഫി, സലീം പാലച്ചിറ, അബ്ദുല്‍ സമദ് മുസ്ലിയാര്‍, ഹാരിസ് ജൗഹരി, അബ്ദുല്‍ റഹീം മളാഹിരി, ഷൈജു, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സലീമിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Latest