Covid19
ജീവിതം വഴിമുട്ടി; ഹൈക്കോടതിക്ക് മുന്നിൽ പച്ചക്കറി വിൽപ്പനയുമായി അഭിഭാഷകൻ

കട്ടക്ക് | പ്രതിസന്ധിയുണ്ടായപ്പോൾ സഹായിക്കാത്ത സംസ്ഥാന ബാർ കൗൺസിലിന്റെ നടപടിയിൽ പ്രതിഷേധിച്ചച്ച് ഒറീസ ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകന്റെ പച്ചക്കറി വിൽപ്പന. വക്കീലിന്റെ കോട്ടുമിട്ടാണ് അഭിഭാഷകനായ സപൻ കുമാർ പാൽ ഹൈക്കോടതിക്ക് മുന്നിൽ ഈ വേറിട്ട പച്ചക്കറി വിൽപ്പന നടത്തുന്നത്. വ്യത്യസ്തമായ ഈ പ്രതിഷേധം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് വിൽപ്പന.
കൊവിഡിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ അഭിഭാഷകരെ സഹായിക്കാൻ ബാർ കൗൺസിൽ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സപൻ കുമാർ പ്രതിഷേധ പച്ചക്കറി വിൽപ്പനയുമായി രംഗത്തെത്തിയത് . നഗരത്തിലെ ഭൂരിഭാഗം അഭിഭാഷകർക്കും മൂന്ന് മാസത്തിലേറെയായി ജോലിയൊന്നുമില്ല. “ജീവിതം അനിശ്ചിതാവസ്ഥയിലായ ഞങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കൗൺസിൽ തയ്യാറായിട്ടില്ല. അതിനാൽ ജീവിക്കാനായി പച്ചക്കറികൾ വിൽക്കേണ്ടി വരുമെന്നാണ് തോന്നുന്നത്”. സപൻ പറഞ്ഞു.
കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേസുകൾ വെട്ടിക്കുറച്ചതുമാണ് അഭിഭാഷകർക്ക് തിരിച്ചടിയായത്. അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസുലൂടെയാണ് ഹൈക്കോടതിയും കീഴ്‌ക്കോടതിയും എടുക്കുന്നത്.
ഏപ്രിൽ അഞ്ചിന് അഭിഭാഷകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാനുള്ള സംസ്ഥാന ബാർ കൗൺസിലിന്റെ തീരുമാനം ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 10,000 രൂപ വീതം അഭിഭാഷകർക്ക് നൽകാൻ തീരുമാനവും എടുത്തു. സാമ്പത്തിക സഹായം ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ അഭിഭാഷകരോട് മെയ് പത്തിന് കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
15,000ത്തോളം അപേക്ഷക്ഷകൾ ലഭിച്ചതായും ഇതിൽ അർഹതയുള്ളവരെ കണ്ടെത്തി സഹായം നൽകുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നതിനായി പരിശോധന നടക്കുന്നുണ്ടെന്നും കൗൺസിൽ അധികൃതർ വ്യക്തമാക്കി