National
ലോകത്തെ ഏറ്റവും വലിയ സൗരോർജ നിലയം നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും

ന്യൂഡൽഹി| ലോകത്തെ ഏറ്റവും വലിയ സൗരോർജ വൈദ്യുത നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. മധ്യപ്രദേശിലെ റേവ ജില്ലയിൽ 1590 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച 750 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ സ്‌റ്റേഷനാണ് നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി രാജ്യത്തിന് സമർപ്പിക്കുന്നത്.
റേവ അൾട്രാ മെഗാ സോളാർ എന്ന് പേരിട്ടിരിക്കുന്ന സൗരോർജ പദ്ധതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും മഹാരാഷ്ട്ര ഊർജ വികാസ് നിഗത്തിന്റെയും സംയുക്ത സംരംഭമായിട്ടാണ് നടപ്പാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ സഹകരണം ഉണ്ടെങ്കിൽ നേടാനാകുന്ന മികച്ച ഫലങ്ങളിൽ ഒന്നായിരിക്കുമെന്ന് രേവ സോളാർ പദ്ധതിയെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.
1500 ഏക്കർ വിസ്തൃതിയുള്ള സോളാർ പാർക്കിനുള്ളിൽ 500 ഹെക്ടർ സ്ഥലത്ത് 250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോർജ ഉൽപ്പാദന യൂണിറ്റുകൾ ഉൾക്കൊളളുന്നതാണ് പദ്ധതി. പാർക്കിന്റെ വികസനത്തിനായി 138 കോടി രൂപയാണ് കേന്ദ്രം ധനസഹായം നൽകിയത്.
തുടക്കത്തിൽ 100 ജിഗാവാട്ട് ഊർജ ഉത്പാദനത്തിൽ നിന്ന് 2022 ഓടെ 175 ജിഗാവാട്ട് ഊർജം ഉൽപാദിപ്പാക്കാനാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.