Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം എന്‍ ഐ എക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര മാര്‍ഗം ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു.

സംഘടിത കള്ളക്കടത്താണ് തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്നതെന്നും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ഘടകങ്ങള്‍ ഇതിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. കസ്റ്റംസ് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നതും തെളിവുകള്‍ ശേഖരിക്കുന്നതും. കേസ് സി ബി ഐ ഏറ്റെടുക്കുമെന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. നേരത്തേ സി ബി ഐ പ്രാഥമികമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

എന്നാല്‍, വിദേശ കോണ്‍സുലേറ്റിന്റെ മേല്‍വിലാസം ദുരുപയോഗം ചെയ്ത് വന്‍തോതില്‍ സ്വര്‍ണം കടത്തിയതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കേസിനുണ്ടെന്ന വിലയിരുത്തലിലാണ് കേസ് എന്‍ ഐ എക്ക് വിട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എല്ലാ അടിവേരുകളും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രമാണ് അന്വേഷണം നടത്തേണ്ടതെന്നും ഏത് ഏജന്‍സി അന്വേഷിക്കുന്നതിനെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും സംഭവം പുറത്തായി ആദ്യ ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.

Latest