Kerala
വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു

തൃശ്ശൂർ | മുള്ളൂർക്കരയിൽ പ്രസവവിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിക്കെതിരെ കേസെടുത്തു. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. അമിത രക്തസ്രാവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവിവാഹിതയായ യുവതി പ്രസവ ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ കണ്ടെത്തിയത്. നവജാതശിശുവിന്റെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്.
ചാലക്കുടിയിൽ പി ജിക്ക് പഠിക്കുന്ന അവിവാഹിതയായ 22 കാരി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ച വിവരം പുറത്തുവന്നത്. സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു