National
ആഡംബര കാറിനായി കാത്തിരുന്നു; പറ്റിക്കപ്പെട്ടെന്നറിഞ്ഞത് മൂന്ന് മാസത്തിന് ശേഷം

ബെംഗളൂരു| കുറഞ്ഞവിലക്ക് ആഡംബര കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നഗരത്തിലെ ബിസിനസുകാരനായ ഖലീൽ ശെരീഫാണ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിച്ച് തട്ടിപ്പിനിരയായത്. പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ തന്നെ പറ്റിച്ചയാൾക്കെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവൻ ബീമാ നഗറിലെ സർവീസ് സ്റ്റേഷനിലെ നിത്യസന്ദർശകമായ ശെരീഫ് അവിടെ വെച്ചാണ് സ്റ്റേഷൻ ഉടമയുടെ ബന്ധുവായ ദസ്തഗീറിനെ പരിചയപ്പെടുന്നത്. രണ്ട് ലക്ഷം രൂപക്ക് ആഡംബര കാർ സ്വന്തമാക്കാമെന്ന് ഇയാൾ ശെരീഫിനെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് 2.25 ലക്ഷം രൂപക്ക് 2006 മോഡൽ മെഴ്‌സിഡസ് ബെൻസ് ലഭ്യമാണെന്ന് പറഞ്ഞ് ബന്ധപ്പെട്ട ദസ്തഗീറിനോട് ശെരീഫ് രണ്ട് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും മാർച്ച് 11ന് ആദ്യ ഗഢുവായി 78,000 രൂപ ഗൂഗിൾ പേ വഴി നൽകുകയും ചെയ്തു.
രണ്ട് ദിവസത്തിനുള്ളിൽ കാർ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്ഥലം വിട്ട ദസ്തഗീറിന്റെ ഫോൺ പണം അടച്ച ഉടൻ സ്വിച്ച് ഓഫ് ആയി. പിന്നീട് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ കാത്തിരുന്ന ശെരീഫ് മൂന്ന് മാസത്തിന് ശേഷം സർവീസ് സ്റ്റേഷനിലെത്തി ഉടമയോട് തന്റെ പണം ആവശ്യപ്പെട്ടു. പണം തിരിച്ചുനൽകാമെന്ന് അയാൾ ഉറപ്പ് നൽകിയെങ്കിലും പോലീസിൽ പരാതി നൽകിയ ശെരീഫിന് ദസ്തഗീറിനെതിരെ സമാനമായ 30 പരാതികളെങ്കിലും നിലവിലുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.