Connect with us

Kerala

മുഹമ്മദ് വൈ സഫീറുല്ല: ഐ ടി മേഖലയില്‍ തിളങ്ങിയ ഉദ്യോഗസ്ഥന്‍

Published

|

Last Updated

തിരുവനന്തപുരം | പുതിയ ഐ ടി സെക്രട്ടറിയായി ചുമതലയേറ്റ കെ മുഹമ്മദ് വൈ സഫീറുല്ല സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ഐ ടി പദ്ധതികളുടെ തലപ്പത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍. ഐ ടി മിഷന്‍, ഡയറക്ടര്‍, ഐ ടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, ഇ- ഹെല്‍ത്ത് കേരള പ്രൊജക്ട് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നവീന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നടപ്പാക്കാനും സാധിച്ച സഫീറുല്ല 2010 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്.

ഐ ടി വകുപ്പിലിരിക്കെ അക്ഷയ, ഇ- ഡിസ്ട്രിക്ട്, ഇ- ഓഫീസ്, ഇ- പ്രൊക്യുര്‍മെന്റ്, സംസ്ഥാന ഡാറ്റ കേന്ദ്രങ്ങള്‍, ആധാര്‍, മൊബൈല്‍ ഗവേണന്‍സ്, കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തുടങ്ങിയവയാണ് അദ്ദേഹം കൈകാര്യം ചെയ്ത പ്രധാന പദ്ധതികള്‍. ബി ഇ, എം ബി എ ബിരുദങ്ങള്‍ നേടിയ സഫീറല്ല, 55ാം റാങ്ക് നേടിയാണ് ഐ എ എസ് പൂര്‍ത്തിയാക്കിയത്. സിവില്‍ സര്‍വീസ് നേടുന്നതിന് മുമ്പ് പ്രമുഖ ഐ ടി കമ്പനികളായ ഐ ബി എം, ടി സി എസ് എന്നിവയില്‍ അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം.

ഇടുക്കി സബ് കലക്ടര്‍, പാലക്കാട് അസി. കലക്ടര്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സേലത്തെ അമ്മാപേട്ട് വിദ്യാ നഗര്‍ സ്വദേശിയാണ്. അധ്യാപക ദമ്പതികളായ കറാമതുല്ല, മെഹ്താബ് ബീഗം എന്നിവരാണ് മാതാപിതാക്കള്‍. സേലം ശാരദ കൊളജ് അസോസിയേറ്റ് പ്രൊഫസര്‍ ആണ് മാതാവ് മെഹ്താബ് ബീഗം. ഭാര്യ ആസിയ യാസ്മിന്‍ സൊഫ്‌റ്റ്വെയര്‍ പ്രൊഫഷനല്‍ ആണ്.

Latest