Connect with us

Gulf

കൊവിഡ്-19; രണ്ട് മാസത്തിനിടയിൽ 20 ലക്ഷം പരിശോധനകൾ നടത്തുമെന്ന്

Published

|

Last Updated

അബുദാബി| അടുത്ത രണ്ട് മാസത്തിനിടയിൽ രാജ്യത്ത് 20 ലക്ഷം കൊറോണ പരിശോധനകൾ നടത്തുമെന്ന് യു എ ഇ സർക്കാർ വക്താവ് ഡോ. അംന അൽ ശംസി അറിയിച്ചു. പരിശോധന വ്യാപകമാക്കുന്നതിലൂടെ, രാജ്യത്തെ കൂടുതൽ ജനങ്ങൾക്കിടയിലും പരിശോധനകൾ നടത്തുന്നതിനും രോഗവ്യാപനത്തിന്റെ തോതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

പരിശോധന വർധിപ്പിക്കുന്നത് രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന് പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള ഈ പ്രവർത്തനത്തിലൂടെ രോഗബാധിതരെ കണ്ടെത്തി, അവരിൽ നിന്ന് രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകൾ തടയുന്നതിനാണ് ലക്ഷ്യംവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തൊഴിലുകളിൽ ഉള്ള, സർക്കാർ ജീവനക്കാർ, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാർ, ടാക്‌സി ഡ്രൈവർമാർ, ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ പരിശോധന നടപ്പിലാക്കുമെന്നും അൽ ശംസി വ്യക്തമാക്കി. രാജ്യത്ത് ഇളവുകൾ അനുവദിച്ചതോടെ ചില മേഖലകളിൽ നിന്ന്, ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിലെ അശ്രദ്ധമൂലം രോഗം പടരാൻ ഇടയായത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതായും അവർ അറിയിച്ചു.

ഏതാനം ദിനങ്ങളിലായി, രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന ചെറിയ വർധനവ് ഈ മുൻകരുതലുകളിലെ വീഴ്ചകൾ മൂലമാണെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജാഗ്രതക്കുറവ് മൂലം രോഗം വ്യാപിക്കാനിടയാക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ഇതുവരെ രോഗവ്യാപനം തടയുന്നതിനായി രാജ്യം ഒറ്റക്കെട്ടായി കൈകൊണ്ട എല്ലാ പ്രയത്നങ്ങളും നേട്ടങ്ങളും വിഫലമാക്കാനേ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കൂ, അൽ ശംസി മുന്നറിയിപ്പ് നൽകി.
രോഗമുക്തർ കൂടുന്നു

യു എ ഇയിൽ പുതുതായി 532 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 52,600 ആയി. രണ്ടു പേർ മരിച്ചു. 993 പേർ രോഗം ഭേദമായി ആശുപത്രിവിടുകയും ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണം326.രാജ്യത്ത് ആകെ 41,721 പേർക്ക് രോഗം ഭേദമായതായും 10,560 പേർ ചികിത്സയിലുള്ളതായും അധികൃതർ അറിയിച്ചു.

10 ലക്ഷം കൊവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി. അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. പ്രതിദിനം ഏകദേശം 33.33 പേർക്ക് പരിശോധന നടത്തും. ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും രാജ്യത്ത് 60 ലക്ഷം പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും 78 ശതമാനം പേരിലും രോഗം ഭേദമാകുന്നണ്ട്. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

Latest