National
ചൈനീസ് സംഭാവന; കോൺഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണത്തിന് സമിതി രൂപവത്കരിക്കുന്നു

ന്യൂഡൽഹി| ചൈനീസ് സംഭാവന സ്വീകരിച്ചെന്നാരോപിച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഇതിനായി ആഭ്യന്തരമന്ത്രാലയം ഉന്നത തല സമിതി രൂപവത്കരിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങൾ ചൈനീസ് സംഭാവന സ്വീകരിച്ചെന്നാരോപിച്ചാണ് അന്വേഷണത്തിന് ഉന്നത തല സമിതി രൂപവത്കരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്‌പെഷ്യൽ ഡയറക്ടർക്ക് ആയിരിക്കും നേതൃത്വ ചുമതല. പി.എം.എൽ.എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും ഉന്നത തല സമിതി പരിശോധിക്കുക.
2005നും 2009നും ഇടയിൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ വൻ തോതിൽ ചൈനീസ് സംഭാവന സ്വീകരിച്ചതായും ഇത് സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായും ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ചൈനീസ് എംബസിയിൽ നിന്നുള്ള സംഭാവന വികലാംഗരുടെ ക്ഷേമത്തിനായി വിനിയോഗിച്ചതായും പി എം ആർ എഫിൽ നിന്നുള്ള ഗ്രാൻഡ് സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയർമാൻ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ അംഗങ്ങളാണ്.