National
വികാസ് ദുബെ ഭഗത് സിംഗല്ലെന്ന് ബീഹാർ ഡി ജി പി

പാറ്റ്‌ന| നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടും കാൺപൂരിൽ എട്ട് പോലീസുകാരെ കൊന്നൊടുക്കിയിട്ടും മാഫിയാ തലവൻ വികാസ് ദുബെയെ ബ്രാഹ്മണൻ കാ ഷേർ (ബ്രാഹ്മണ കടുവ)എന്ന് വിശേഷിപ്പിക്കുന്നത് അത്യന്തം ലജ്ജാകരമാണെന്ന് ബിഹാർ ഡി ജി പി ഗുപ്‌തേശ്വർ പാണ്ഡെ. പോലീസുകാരെ കൊന്നശേഷം ദുബെ രക്ഷപ്പെട്ടത് തന്നെ നീതിപാലകർക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. ഞങ്ങൾ അയാൾക്കുവേണ്ടി പ്രാർഥിക്കണമോയെന്നും ഇത്തവണയും അയാൾ രക്ഷപ്പെടുമോയെന്നും ഡി ജി പി ചോദിച്ചു.
പാണ്ഡെയുടെ അഭിമുഖത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, ക്രൂര കുറ്റകൃത്യങ്ങൾ എന്നിവ നടത്തിയ ആളുകളെ നായകന്മാരായി പ്രശംസിക്കുകയാണ് ചിലർ. ഇത്തരം കുറ്റവാളികൾക്കായി അവർ പ്രാർഥന നടത്തുകയും പേരുകൾ വാഴ്ത്തി പാടുകയും ചെയ്യുന്നു. ഇതാണ് നിങ്ങളുടെയെല്ലാം കുറ്റകൃത്യ സംസ്‌കാരം. അദ്ദേഹം ആരോപിച്ചു. വികാസ് ദുബെയെ ബ്രാഹ്മൺ കാ ഷേർ എന്നു വിളിക്കുന്ന ചിലരോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ആ കൊടുംകുറ്റവാളി കടുവയോ, ഭഗത്സിംഗോ, നേതാജിയോ,അഷ്ഫാക്കുല്ല ഖാൻ എന്നിവരിൽ ആരെങ്കിലുമാണോ എന്നും ദയവായി നിങ്ങൾ വ്യക്തമാക്കണം. കുറ്റകൃത്യ സംസ്‌കാരത്തെയും കുറ്റവാളികളുടെ വീരാരാധനയെയും കൂടുതൽ പ്രോത്സാഹിപ്പിക്കരുതെന്നും പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർഥിച്ചു.