Connect with us

National

ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഉറ്റ അനുയായിയെ പോലീസ് വെടിവെച്ച് കൊന്നു

Published

|

Last Updated

കാണ്‍പുര്‍ |  ഉത്തര്‍പ്രദേശിലെ എട്ട് പോലീസുകാരെ വകവരുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഉറ്റ അനുയായി അമര്‍ ദുബെയെ പോലീസ് വകവരുത്തി. ഹമിര്‍പുരില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് അമര്‍ ദുബെയെ വധിച്ചതെന്ന് ഉത്തര്‍പ്രദേശ് ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി പി പ്രശാന്ത് കുമാര്‍ പറഞ്ഞു. കാണ്‍പുരില്‍ ഡി എസ് പി മിശ്ര അടക്കമുള്ള പോലീസുകാരെ വെടിവെച്ച് കൊന്ന കേസില്‍ കൂട്ടുപ്രതിയാണ് അമര്‍ ദുബെയെന്ന് പോലീസ് പറഞ്ഞു.

ഹമിര്‍പുര്‍ ലോക്കല്‍ പോലീസുമായി ചേര്‍ന്നു യു പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) നടത്തിയ ഏറ്റുമുട്ടലിലാണ് അമര്‍ ദുബെയെ വധിച്ചത്. ഇയാളുടെ തലക്ക് 25,000 രൂപ വിലയിട്ടിരുന്നു. അതേസമയം, കാണ്‍പുര്‍ സംഭവത്തിലെ മുഖ്യപ്രതിയായ വികാസ് ദുബെ സുരക്ഷിതസ്ഥാനത്ത് തുടരുകയാണ്. ഇയാള്‍ക്ക് വേണ്ടി എസ് ടി എഫും 40 ഓളം പോലീസ് സംഘങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്.

വെള്ളിയാഴ്ചയാണ് ബിക്രുവില്‍വച്ച് എട്ടു പോലീസുകാരെ വധിച്ചശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്. ദുബെയുടെ ഉറ്റ അനുയായി ദയാശങ്കര്‍ അഗ്‌നിഹോത്രി, ബന്ധു ശര്‍മ, അയല്‍വാസി സുരേഷ് വര്‍മ, വേലക്കാരി രേഖ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്‌നിഹോത്രിയെ കഴിഞ്ഞദിവസം കല്യാണ്‍പുരില്‍ നടന്ന ഏറ്റുമുട്ടലിലാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

ബിജെപി നേതാവും മുന്‍ യുപി മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലീസ് സ്റ്റേഷനില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് വികാസ് ദുബെ. കൂടാതെ അറുപതോളം ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേയുണ്ട്.

 

 

---- facebook comment plugin here -----

Latest