Editorial
കള്ളക്കടത്തിന് നയതന്ത്ര പരിവേഷവും

ഉദ്യോഗസ്ഥ- സ്വര്‍ണക്കടത്ത് ലോബി അവിശുദ്ധ ബന്ധത്തിലേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ “നയതന്ത്ര സ്വര്‍ണക്കടത്ത്” കേസ് വിരല്‍ ചൂണ്ടുന്നത്. ഭരണതലത്തിലെ ഉന്നതരുമായി അടുത്ത ബന്ധമാണ് കേസിലെ മുഖ്യ കണ്ണിയായ സ്വപ്‌ന സുരേഷിനുള്ളത്. ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നു വരുന്ന സ്വര്‍ണക്കടത്ത് ഇതുവരെയും അധികൃതരുടെ കണ്ണില്‍ പെടാതെ നടത്താനായത് ഇതുകൊണ്ടാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനു പുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം തങ്ങളുടെ സൗഹൃദ വലയത്തിലുണ്ടെന്ന് ഈ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യു എ ഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ മൊഴി നല്‍കിയതായി അറിയുന്നു. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാറിലെയും ചില ഉദ്യോഗസ്ഥരുടെ നമ്പറുകളിലേക്ക് സ്വപ്‌ന സുരേഷ് നിരവധി തവണ വിളിച്ചതായി അവരുടെ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തിലും യു എ ഇയിലും വ്യാപിച്ചു കിടക്കുന്ന കള്ളക്കടത്തു സംഘം ഒരു വര്‍ഷത്തിനകം 200 കോടി രൂപയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍ കേരളത്തിലെ യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ നിന്ന് 13.5 കോടി രൂപ വില വരുന്ന 30 കിലോയോളം സ്വര്‍ണം പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്തിലെ ഒരു വന്‍ റാക്കറ്റിനെക്കുറിച്ച് വിവരം പുറത്തു വരുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് സാധനങ്ങള്‍ അയക്കുന്നതും നയതന്ത്ര പരിരക്ഷ ഉള്ളതുമാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍. ഇത്തരം ബാഗേജുകള്‍ സാധാരണ പരിശോധിക്കാറില്ല. ഇത് അറിയാവുന്നത് കൊണ്ടാണ് സ്വര്‍ണക്കടത്തു സംഘം ഈ മാര്‍ഗം പരീക്ഷിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന കൊച്ചി സ്വദേശിയായ ഒരു വ്യക്തിയാണ് ഈ കടത്തലിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെങ്കിലും അതിനുമപ്പുറം ഗള്‍ഫ് നാടുകളില്‍ ബ്രാഞ്ചുകളുള്ള കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകാര്‍ ഉള്‍പ്പെടെ ഉന്നതരിലേക്ക് സംശയത്തിന്റെ മുനകള്‍ നീളുന്നുണ്ട്.
അനധികൃത സ്വര്‍ണക്കടത്ത് കണ്ടെത്താനും പിടികൂടാനും രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആധുനിക സാമഗ്രികളും വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണത്തിന് 15,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുമുണ്ട് കസ്റ്റംസ് വകുപ്പ്. എന്നിട്ടും വര്‍ഷം തോറും അനധികൃത കടത്ത് വര്‍ധിക്കുന്നതിനു പിന്നില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണെന്ന് കേസന്വേഷണ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് കടത്ത് സംഭവത്തില്‍ മാത്രമല്ല, കോളിളക്കം സൃഷ്ടിച്ച പല സ്വര്‍ണക്കടത്ത് കേസുകളിലും കള്ളക്കടത്തുകാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഉദ്യോഗസ്ഥരാണെന്നു കണ്ടെത്തിയതാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന ബി രാധാകൃഷ്ണനെയും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഓഫീസറായിരുന്ന രാഹുല്‍ പണ്ഡിറ്റിനെയും ഇതിനിടെ അറസ്റ്റ് ചെയ്തതും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതും സ്വര്‍ണക്കടത്ത് ലോബികള്‍ക്ക് ഒത്താശ ചെയ്തതിനായിരുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം പി പി എം ചെയിന്‍സ് ജ്വല്ലറിക്ക് വേണ്ടി 25 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചതിനാണ് ബി രാധാകൃഷ്ണനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) അറസ്റ്റ് ചെയ്തത്. 2013ല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഫായിസ് പ്രതിയായ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെയും പ്രിവന്റീവ് ഓഫീസറുടെയും പേരുകള്‍ ഉയര്‍ന്നു വരികയും അന്നത്തെ മുഖ്യമന്ത്രിയുടെ ഒരു സ്റ്റാഫ് അംഗവുമായി ഫായിസിന് അടുത്ത ബന്ധമുള്ളതായി കസ്റ്റംസ് കണ്ടെത്തുകയും ചെയ്തിരുന്നു.
“നയതന്ത്ര സ്വര്‍ണക്കടത്തി”ലെ പ്രധാന കണ്ണി സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍ അതിരുവിട്ട അടുപ്പത്തിലാണെന്ന വിവരം സര്‍ക്കാറിനെ, വിശിഷ്യാ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും സ്‌റ്റേറ്റ് കാറിലാണ് അയാള്‍ സ്വപ്‌നയെ കാണാന്‍ എത്തിയിരുന്നതെന്നും ഫ്ലാറ്റിലെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വെളിപ്പെടുത്തുന്നു. ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിയായിട്ടും സ്വപ്‌നക്ക് ഐ ടി വകുപ്പില്‍ ജോലി ലഭിച്ചതിനു പിന്നില്‍ ശിവശങ്കറുമായുള്ള അടുപ്പമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. നേരത്തേ സ്പ്രിന്‍ക്ലര്‍ വിഷയത്തിലും ആരോപണ വിധേയനായിരുന്നു ഈ ഉദ്യോഗസ്ഥന്‍. സ്വര്‍ണക്കടത്തു കേസില്‍ കൂടി പേര് ഉയര്‍ന്നു വന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ ടി വകുപ്പിന്റെ ചുമതലയില്‍ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്. പിന്നാലെ അദ്ദേഹം ദീര്‍ഘകാല അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കവെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനിടയായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംശയ നിഴലിലാകും. ഈയൊരു സാഹചര്യമൊഴിവാക്കാനാണ് ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് കരുതുന്നത്. ഇതുകൊണ്ട് മാത്രമായില്ല, ശിവശങ്കറിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ട്.
കൊവിഡ് വിവര ശേഖരണത്തിനുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി ശിവശങ്കറിനെ വിശ്വാസത്തിലെടുത്തതാണ് സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി വിവാദത്തിലാകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. രാജ്യാന്തര ടെന്‍ഡര്‍ വിളിക്കാതെയും ആരോഗ്യ, ധന വകുപ്പുകളെ അറിയിക്കാതെയും നടത്തിയ പ്രസ്തുത ഇടപാട് ചട്ടവിരുദ്ധവും റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനവുമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. നിയമോപദേശം തേടാതെയുള്ള ഐ ടി സെക്രട്ടറിയുടെ തന്നിഷ്ടത്തിനെതിരെ അന്നു തന്നെ തക്ക നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പുതിയ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയും ഓഫീസും രക്ഷപ്പെടുമായിരുന്നില്ലേ?