Connect with us

Covid19

അശ്രദ്ധ സൂപ്പര്‍ സ്‌പ്രെഡിനും സാമൂഹിക വ്യാപനത്തിനും ഇടയാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കാലത്തെ അശ്രദ്ധ സംസ്ഥാനത്ത് ഏതു നിമിഷവും സൂപ്പര്‍ സ്പ്രെഡിനും സാമൂഹിക വ്യാപനത്തിനും ഇടയാക്കിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അശ്രദ്ധ സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെതു കൂടിയാണ് അപകടത്തിലാക്കുക. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാതെ നോക്കണം. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.

കൊവിഡ് ഭേദപ്പെട്ടവര്‍ ഏഴു ദിവസം വീട്ടില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണം. വീട്ടുകാരും വാര്‍ഡുതല സമിതിയും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തു നിന്ന് എത്തുന്നവര്‍ ഉപയോഗിച്ച പി പി ഇ കിറ്റും, കൈയുറയും, മാസ്‌കും വിമാനത്താവളങ്ങളിലെ പ്രത്യേക കണ്ടെയ്നറുകളില്‍ നിക്ഷേപിക്കണം.ചിലര്‍ ഇവ
അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കും. കേരളത്തിന് പുറത്തുനിന്ന് തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ വയനാട് ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അറിയിപ്പൊന്നും നല്‍കാതെ മിന്നല്‍ സന്ദര്‍ശനം നടത്തിയത് നല്ല മാതൃകയാണ്.

കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണെന്നും ഇത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest