Connect with us

Kerala

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയം; മറ്റ് ആരോപണങ്ങള്‍ യുക്തിരഹിതം: ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ തനിക്ക് അറിയാവുന്നതെന്നും അവര്‍ മുഖേന താനൊരു കടയുടെ ഉദ്ഘാടനം നടത്തിയെന്ന രീതിയിലുള്ള ആരോപണങ്ങള്‍ യുക്തിരഹിതമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. അങ്ങനെയാണ് അവരുമായി പരിചയം.

ബന്ധുവിന്റെ കട എന്നു പറഞ്ഞ് ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് സ്വപ്ന തന്നെക്ഷണിച്ചിരുന്നു. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. ലോക കേരള സഭയുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന ആരോപണവും സ്പീക്കര്‍ നിഷേധിച്ചു.
സ്വപ്നയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു. സാധാരണഗതിയില്‍ ഒരു ഡിപ്ലോമാറ്റിന്റെ പശ്ചാത്തലം ആരും അന്വേഷിക്കാറില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്സി ബി ഐ ഉള്‍പ്പെടെ ഏത് ഏജന്‍സിയുടെയും അന്വേഷണം സ്വാഗതം ചെയ്യുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.