Kerala
കേരളത്തിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം| സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവരും തീരദേശ വാസികളും കർശന ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്ന് വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രതയോടെയിരിക്കണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.