Connect with us

Kerala

സ്വര്‍ണക്കടത്ത്; ദേശീയ ഏജന്‍സികള്‍ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം എന്താണോ ആവശ്യപ്പെടുന്നത് അതിന് അനുസരിച്ചുള്ള ഒരു അന്വേഷണമാകും പ്രഖ്യാപിക്കുക. അന്വേഷണത്തിന് യു എ ഇ സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ, അല്ലെങ്കില്‍ സി ബി ഐ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതി സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകള്‍ കൊണ്ട് നേടിയത് അത്ഭുതകരമായ വളര്‍ച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകള്‍ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു.

തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്വപ്‌നക്കുണ്ട് . വിവിധ ഭാഷകളിലെ പ്രാവീണ്യം, ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വഭാവവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാന്‍ സ്വപ്നക്കായി. കോണ്‍സുലേറ്റില്‍ നിന്നും വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവര്‍ത്തന കേന്ദ്രം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി.

ഐ ടി വകുപ്പില്‍ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിര്‍മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാര്‍ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

 

Latest