Connect with us

Editorial

യു പിയില്‍ ഗുണ്ടാസംഘങ്ങളുടെ വാഴ്ച

Published

|

Last Updated

‘നേരത്തേ ഗുണ്ടകളുടെ നിയന്ത്രണത്തിലായിരുന്ന ഉത്തര്‍പ്രദേശ് സമാധാനത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പ്രശ്‌നപ്രദേശമെന്ന പേരുദോഷം തിരുത്തി യു പിയെ കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കാനുള്ള സര്‍ക്കാറിന്റെ നടപടികള്‍ വിജയത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. ഗുണ്ടാവിളയാട്ടത്തിനെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ കൈയടി നേടിയിരിക്കുന്നു”- യോഗി ആദിത്യനാഥ് ഭരണത്തിന് കീഴിലുള്ള യു പിയിലെ ക്രമസമാധാന നിലയെക്കുറിച്ച് കേരളത്തിലെ ബി ജെ പി മുഖപത്രത്തിലെ വരികളാണിത്. ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ് കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ ഡി വൈ എസ് പി ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട സംഭവം. കൊലപാതകമുള്‍പ്പെടെ അറുപതോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവും കൊടുംകുറ്റവാളിയുമായ വികാസ് ദുബെയുടെ സംഘമാണ് പോലീസുകാരെ കൊലപ്പെടുത്തിയത്. യു പിയിലെ സമീപ കാലത്തെ ഏറ്റവും ക്രൂരവും അതേസമയം പോലീസ് സേനയുടെ കഴിവുകേട് തുറന്നു കാട്ടുന്നതുമായ ഗറില്ലാ മോഡല്‍ ആക്രമണമായിരുന്നു ബിക്രുവില്‍ വെള്ളിയാഴ്ച നടന്നത്.

പോലീസ് സംഘത്തെ വെടിവെച്ചു വീഴ്ത്തിയ ശേഷം വികാസ് ദുബെയുടെ ഗുണ്ടകള്‍ ഡി വൈ എസ് പി ദേവേന്ദ്ര മിശ്രയുടെ തലയറുത്തു മാറ്റുകയും കാലിലെ വിരലുകള്‍ മുറിച്ചെടുക്കുകയും ശരീരം മുഴുവന്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോടാലി ഉപയോഗിച്ചാണ് ഈ ക്രൂരകൃത്യങ്ങള്‍ ചെയ്തതെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം. വ്യാഴാഴ്ച രാത്രി വികാസ് ദുബെയുടെ വീട് റെയ്ഡ് ചെയ്യാന്‍ പോലീസ് വരുന്ന വിവരമറിഞ്ഞ അദ്ദേഹത്തിന്റെ അനുയായികള്‍ റോഡില്‍ ജെ സി ബി കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയും മാര്‍ഗ തടസ്സം നീക്കാന്‍ പോലീസുകാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സമീപത്തെ കെട്ടിടത്തിനു മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന അക്രമി സംഘം തുടരെത്തുടരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ സാധിച്ചില്ല. അവര്‍ ചിതറിയോടി. അക്രമത്തിനൊടുവില്‍ പോലീസുകാരുടെ ആയുധങ്ങള്‍ പിടിച്ചെടുത്താണ് സംഘം കടന്നത്. യോഗി സര്‍ക്കാറിനെ ഞെട്ടിക്കുകയും നാണക്കേടിലാക്കുകയും ചെയ്ത ഈ സംഭവത്തെ തുടര്‍ന്ന് വികാസ് ദുബെയെ പിടികൂടാന്‍ തീവ്രശ്രമമാണ് സംസ്ഥാന പോലീസ് നടത്തി വരുന്നത്. വികാസിനെ തേടി ഇരുപത്തഞ്ചോളം പോലീസ് സംഘങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്.
അധോലോക, ഗുണ്ടാ സംഘങ്ങള്‍ ശക്തമാണ് ഉത്തര്‍ പ്രദേശില്‍ ഇപ്പോഴും. യോഗി ഭരണത്തിന് അവരെ അടിച്ചമര്‍ത്താനായില്ലെന്നു മാത്രമല്ല കൂടുതല്‍ കരുത്താര്‍ജിക്കുകയാണുണ്ടായത്. വികാസ് ദുബെയെ പോലെ ഗുരുതരമായ കുറ്റകൃത്യങ്ങളിലൂടെ അധികാരികളെ ഞെട്ടിച്ച നിരവധി കൊടും ക്രിമിനലുകള്‍ പോലീസിനെ വെട്ടിച്ചും പോലീസിന്റെ ഒത്താശയോടെയും സംസ്ഥാനത്ത് വിഹരിക്കുന്നുണ്ട്. പിടികൂടിയാലും അധികൃതരെ സ്വാധീനിച്ച് അവര്‍ രക്ഷപ്പെടും. 2000ല്‍ താരാചന്ദ് ഇന്റര്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പല്‍ സിദ്ധേശ്വര്‍ പാണ്ഡെയെ വെടിവെച്ചു കൊന്ന കേസിലും 2001ല്‍ പോലീസ് സ്റ്റേഷനില്‍ കടന്നുചെന്ന് ബി ജെ പി നേതാവ് ശുക്ലയെ കൊന്ന കേസിലും പിടിയിലായതാണ് വികാസ് ദുബെ. എന്നാല്‍ ഉന്നത തലങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് ജാമ്യം നേടി അയാള്‍ പുറത്തു വരികയായിരുന്നു.

മാധ്യമങ്ങള്‍ ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്ന് വിശേഷിപ്പിക്കുന്ന കുപ്രസിദ്ധ കുറ്റവാളി ബദന്‍സിംഗ് ബാഡോ പോലീസുകാരുടെ വന്‍ സന്നാഹത്തെ വെട്ടിച്ച് കടന്നുകളഞ്ഞിട്ട് പതിനഞ്ച് മാസമായി. 2019ല്‍ അഭിഭാഷകന്‍ രവീന്ദര്‍ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ബദന്‍സിംഗ് ബാഡോയെ മറ്റൊരു കൊലപാതക കേസില്‍ ഹാജരാക്കുന്നതിനായി ഫത്തേഗഡ് ജയിലില്‍ നിന്ന് കോടതിയിലേക്കു കൊണ്ടുവരുന്ന വഴിയാണ് മുങ്ങിയത്. ഗാസിയാബാദിലേക്കുള്ള യാത്രാ മധ്യേ മീററ്റിലെ മുക്ത് മഹല്‍ ആഡംബര ഹോട്ടലില്‍ കയറി അകമ്പടിക്കാരായ ആറ് പോലീസുകാര്‍ക്ക് ആവോളം മദ്യം വാങ്ങിച്ചു കൊടുത്ത ശേഷമാണ് അവരെ വെട്ടിച്ച് ബദന്‍സിംഗ് കടന്നുകളഞ്ഞത്. 2019 മാര്‍ച്ച് 28നായിരുന്നു സംഭവം. ബദന്‍സിംഗിനെ പിടികൂടാന്‍ യോഗിയുടെ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല.
പോലീസുകാരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള ബന്ധമാണ് പിടിയിലകപ്പെടാതെ ഒളിജീവിതം നയിക്കാന്‍ യു പിയിലെ ഗുണ്ടാ നേതാക്കള്‍ക്കും ക്രിമിനലുകള്‍ക്കും സഹായകമാകുന്നത്. രാജ്യത്തെ ഞെട്ടിച്ച വ്യാഴാഴ്ചത്തെ പോലീസ് കൂട്ടക്കൊലക്കു ശേഷവും വികാസ് ദുബെ തന്റെ ഒളിസങ്കേതങ്ങളില്‍ നിന്ന് 24 തവണ പോലീസ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടതായി ഫോണ്‍ കോള്‍ രേഖകളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ദുബെയുടെ വീട് റെയ്ഡ് ചെയ്യാന്‍ പോലീസ് എത്തുന്ന വിവരം ചൗബേപൂര്‍ സ്റ്റേഷനിലെ ഒരു പോലീസ് ഓഫീസര്‍ ദുബെയെ നേരത്തേ അറിയിച്ചതായും വ്യക്തമായിട്ടുണ്ട്. പോലീസിനെ നിയന്ത്രിക്കേണ്ടവര്‍ തന്നെ ക്രിമിനലുകളായാല്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. യു പിയിലെ 312 ബി ജെ പി. എം എല്‍ എമാരില്‍ 114 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവരില്‍ 83 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് വിവരാവകാശ രേഖകള്‍ കാണിക്കുന്നത്.

യു പി സമാധാനത്തിലേക്ക് തിരിച്ചു പോകുകയല്ല, അവിടെ ക്രമസമാധാനം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം യു പിയാണ്. സ്ത്രീകള്‍ക്ക് തീരെ സുരക്ഷിതമല്ലാതായിട്ടുണ്ട് യു പിയെന്നാണ് സ്ഥിതിവിവരങ്ങള്‍ പറയുന്നത്. 2018ല്‍ മാത്രം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായി 56,455 ആക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

---- facebook comment plugin here -----