Connect with us

International

ജപ്പാനിൽ കനത്ത മഴ: 21 പേർ മരിച്ചു

Published

|

Last Updated

ടോക്കിയോ| തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 21 പേർ മരിച്ചു. 13 പേരെ കാണാതായി. 18 പേർ കൂടി മരിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ലെന്ന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് അപ്രതീക്ഷിതമായ മണ്ണിടിച്ചിലും മഴയും വെള്ളപ്പൊക്കവും ജനങ്ങളെ വലച്ചത്. മണ്ണിടിച്ചിലിൽ ഒട്ടേറെ വീടുകൾ തകർന്നു. ഒരു പ്രദേശത്തെ മുഴുവൻ വീടുകളും ഒലിച്ചുപോയി. പ്രളയബാധിത പ്രദേശങ്ങളിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുമ നദിയുടെ കരയാകെ മഴയിൽ ഇടിഞ്ഞുതാണത് അപകടത്തിന്റെ വ്യാപ്തി ഉയർത്തി. നദിയിൽ നിന്നൊലിച്ചെത്തിയ വെള്ളം ഹിറ്റൊയോഷ്‌കി പട്ടണത്തെയാകെ മുക്കി.

പ്രളയത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നെന്നും സ്വയം പ്രതിരോധസേനയിലെ 40,000 അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ക്യാബിനറ്റ സെക്രട്ടറി അറിയിച്ചു. ശനിയാഴ്ച വരെ 2,00,000 ത്തോളം പേരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യപനം തടയാനായി അണുനാശിനി വിതരണം ചെയ്യാനും കുടിയൊഴിപ്പിക്കൽ കേന്ദ്രങ്ങൾ പരസ്പരം അകലം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജപ്പാനിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വെള്ളപ്പൊക്കം. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഹാഗിബിസ് ചുഴലിക്കാറ്റിൽ 90 പേരാണ് ഇവിടെ മരിച്ചത്.

Latest