Connect with us

Editorial

ദക്ഷിണ ചൈനാ കടലിലെ അമേരിക്കന്‍ പടയൊരുക്കം

Published

|

Last Updated

രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ എപ്പോഴെല്ലാം പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അവ രൂക്ഷമാകുകയും വിനാശകരമായ യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചരിത്രം മനസ്സിലുറപ്പിച്ചു കൊണ്ടായിരിക്കണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇന്ത്യ കാണേണ്ടത്. യു എസിന് സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. താത്പര്യങ്ങള്‍ മാത്രമേ ഉള്ളൂ. ആ താത്പര്യങ്ങള്‍ക്ക് തല വെച്ചുകൊടുക്കേണ്ട കാര്യം ഇന്ത്യക്കില്ല. ചേരിചേരായ്മയെന്ന ഇന്ത്യയുടെ ചിരകാല നയം അതിശക്തമായി മുറുകെ പിടിക്കേണ്ട ഘട്ടമാണിത്.

ചൈനയുമായുള്ള തര്‍ക്കം ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതും ചൈനയില്‍ നിന്നുള്ള കമ്പനികള്‍ ഗതാഗതം, വൈദ്യുതി, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കുന്നത് തത്കാലം തടഞ്ഞതും അമേരിക്കന്‍ നേതൃത്വം ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. ചൈനക്കെതിരായ നീക്കത്തില്‍ എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. റഷ്യയും ഇത്തരം സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. അവരവരുടെ ശാക്തിക ചേരിയിലേക്ക് ഇന്ത്യയെ വലിച്ചടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഐക്യദാര്‍ഢ്യമെല്ലാം.

ഇന്തോ പസഫിക് മേഖലയില്‍ അമേരിക്ക നടത്തുന്ന യുദ്ധ സന്നാഹങ്ങളെ ഈ സാഹചര്യത്തില്‍ കരുതലോടെ കാണേണ്ടിയിരിക്കുന്നു. ഇന്ത്യ, ജപ്പാന്‍, തായ്‌വാന്‍, ഹോങ്കോംഗ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ കൂടി അനുഭാവം പ്രതീക്ഷിച്ചാണ് അമേരിക്ക ഈ ഒരുക്കങ്ങള്‍ക്ക് മെനക്കെടുന്നത്. ജര്‍മനിയില്‍ നിന്ന് പിന്‍വലിക്കുന്ന പതിനായിരത്തോളം വരുന്ന സൈനികരെ സര്‍വസന്നാഹങ്ങളോടെയും ഏഷ്യയിലേക്ക് അയക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയെ പ്രകോപിപ്പിക്കാന്‍ തന്നെയാണിത്. ദക്ഷിണ ചൈനാ കടലില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ അടങ്ങുന്ന സന്നാഹം സൈനിക അഭ്യാസം തുടങ്ങിയിട്ടുമുണ്ട്. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും യു എസ് പ്രതിജ്ഞാബദ്ധമാണെന്ന് പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന നല്‍കുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശ്യമെന്ന് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം വിക്കോഫ് പറയുന്നു. യു എസ് എസ് റൊണാള്‍ഡ് റീഗന്‍, യു എസ് എസ് നിമിറ്റ്‌സ് എന്നീ വിമാന വാഹിനിക്കപ്പലുകളെയാണ് ദക്ഷിണ ചൈനാ കടലില്‍ അഭ്യാസത്തിന് അയച്ചത്. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യു എസ് സേനയും ദക്ഷിണ ചൈനാ കടലില്‍ പരിശീലനം നടത്തുന്നത്. ഏത് സമയവും യുദ്ധവിമാനങ്ങള്‍ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങളുള്ളതാണ് റൊണാള്‍ഡ് റീഗനും നിമിറ്റ്‌സും. കൊവിഡ് മുതല്‍ ഹോങ്കോംഗ് വരെയുള്ള വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെ തന്ത്രപരമായ സമുദ്രപാതയില്‍ പിരിമുറുക്കം സൃഷ്ടിക്കുകയാണ് അമേരിക്കയെന്ന് ചൈന ആരോപിക്കുന്നു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നാണ് യു എസ് പറയുന്നത്.

ദക്ഷിണ ചൈനാ കടലില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈന നേരത്തേ മുതല്‍ തന്നെ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. പാരാസെല്‍ ദ്വീപുകളില്‍ സൈനിക താവളം പണിത് ചൈനീസ് അഭ്യാസം തകൃതിയായി തുടരുകയാണ്. ദൈനംദിന പട്രോളിംഗും നടത്തുന്നു. വിവിധ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദ്വീപുകളിലും ജല അതിര്‍ത്തികളിലും കടന്നു കയറിയാണ് ചൈന മേധാവിത്വമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. പാരാസെല്‍ ദ്വീപില്‍ തായ്‌വാനും വിയറ്റ്‌നാമും അവകാശം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ മുഴുവന്‍ ദ്വീപുകളും തങ്ങളുടെ അധികാര പരിധിയില്‍ പെട്ടതാണെന്ന ചൈനയുടെ വാദത്തെ ജപ്പാനും ഫിലിപ്പൈന്‍സും ശക്തമായി എതിര്‍ക്കുന്നു. ഏഷ്യാ പസഫിക് മേഖലയില്‍ സജീവമായി ഇടപെടാനുള്ള അമേരിക്കയുടെ തീരുമാനം ഈ എതിര്‍പ്പുകളെ കൂടി കണക്കിലെടുത്താണ്.

ഹോങ്കോംഗും തായ്‌വാനും തങ്ങളുടെ തുടര്‍ച്ചയാണെന്ന ചൈനീസ് നിലപാടിനെതിരെ അതതിടങ്ങളില്‍ വന്‍ പ്രതിഷേധമുയരുന്നുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ ഇന്ന് രഹസ്യമായ കാര്യമല്ല. ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റ് പദത്തിലെത്തിയ ശേഷം ചൈനയുമായി തുടങ്ങിയ വ്യാപാര യുദ്ധം ഒന്നടങ്ങും മുമ്പേയാണ് കൊവിഡ് തര്‍ക്കം മുറുകിയത്. നോവല്‍ കൊറോണയെ ചൈനീസ് വൈറസ് എന്ന് വിളിച്ച ട്രംപ്, ചൈനയിലെ ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണ് വൈറസെന്ന ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ ആരോപണം ശരിവെക്കാത്തതിന് ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് അദ്ദേഹം റദ്ദാക്കുകയുമുണ്ടായി.

തന്റെ രണ്ടാമൂഴത്തിനായുള്ള തിരഞ്ഞെടുപ്പ് യു എസില്‍ നടക്കാനിരിക്കെ പരമാവധി ചൈനാവിരുദ്ധ വികാരം കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ചൈനയുടെ അതിര്‍ത്തി വിപുലീകരണ നയത്തെ രൂക്ഷമായി അപലപിക്കുമ്പോഴും അമേരിക്കയുടെ ഈ കുളംകലക്കല്‍ കാണാതിരിക്കാനാകില്ല. ഈ നീക്കത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കാനുള്ള സാധ്യതയേറെയാണ്. യു എസുമായി ഇന്ത്യ ഒപ്പുവെച്ച രണ്ട് നിര്‍ണായക കരാറുകള്‍- 2018ല്‍ ഒപ്പുവെച്ച ആശയ വിനിമയ, സഹകരണ സുരക്ഷാ ഉടമ്പടി (കോംകാസ), അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യന്‍ വ്യോമ, നാവിക സേനാ താവളങ്ങളില്‍ പ്രവേശിക്കാനും അവ ഉപയോഗിക്കാനും അനുമതി നല്‍കുന്ന 2016ല്‍ ഒപ്പിട്ട ലോജിസ്റ്റിക് സപ്പോര്‍ട്ട് ഉടമ്പടി- അമേരിക്കന്‍ പക്ഷം ചേരുകയെന്നത് നിയമപരമായ ബാധ്യതയാക്കി തീര്‍ത്തിരിക്കുന്നു. ചൈനയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഈ കരാറുകള്‍ കൂടുതല്‍ അപകടകരമാകുകയാണ്. അതുകൊണ്ട്, ശാക്തിക ബലാബലത്തില്‍ പങ്കാളിയാകാതിരിക്കാനുള്ള വിവേകമാണ് രാജ്യം നമ്മുടെ ഭരണാധികാരികളില്‍ നിന്ന് ആവശ്യപ്പെടുന്നത്.

Latest