ചൈനയുമായുള്ള 900 കോടിയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഹീറോ സൈക്കിൾസ്

Posted on: July 4, 2020 2:48 pm | Last updated: July 4, 2020 at 2:52 pm
ന്യൂഡൽഹി| ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹീറോ സൈക്കിൾസുമായി ചൈനയുടെ 900 കോടി രൂപയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹീറോ സൈക്കിൾസ് മാനേജിംഗ് ഡയറക്ടർ പങ്കജ് മുഞ്ജൽ അറിയിച്ചു. യുണൈറ്റഡ് സൈക്കിൾസ് പാർട്‌സ് ആൻഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹീറോ സൈക്കിൾസ് ചൈനക്കെതിരെ തീരുമാനവുമായി രംഗത്തെത്തിയത്.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ് നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യ-ചൈനാ അതിർത്തി സംഘർഷം നിലനിൽക്കുന്നതിനാൽ ഞങ്ങൾ ചൈനയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുകയാണെന്നും ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിജ്ഞാബന്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ജർമ്മനിയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനാണ് കമ്പനിയുടെ നീക്കം. ഹീറോ സൈക്കിൾസിന്റെ പുതിയ ഒരു പ്ലാന്റ് ജർമ്മനിയിൽ തുടങ്ങാനാണ് നീക്കം. കഴിഞ്ഞ കുറേ മാസങ്ങളായി ലോകത്ത് സൈക്കിളിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഹീറോ സൈക്കിൾസിന്റെ കപ്പാസിറ്റിയും വർധിപ്പിച്ചതായി കമ്പനി അറിയിച്ചു.