Connect with us

International

തീവ്രവാദ സംഘടനയിൽ അംഗത്വം: ടാനർ കിലിക്കിനും മറ്റ് മൂന്ന് പേർക്കും ശിക്ഷ വിധിച്ച് തുർക്കി കോടതി

Published

|

Last Updated

ടാനർ കിലിക്

അങ്കാറ| തീവ്രവാദ സംഘടനയിൽ അംഗത്വമെടുത്തെന്ന് ആരോപിച്ച് ആംനസ്റ്റി ഇന്റർനാഷനലിന്റെ മുൻ തുർക്കി ചെയർമാൻ ടാനർ കിലിക്കിനും മറ്റ് മൂന്ന് പേർക്കും ആറ് വർഷം തടവ് വിധിച്ച് കോടതി. തീവ്രവാദ ഗ്രൂപ്പിനെ സഹായിച്ചെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരായ ഗുനാൽ കുർസൻ, ഇഡിൽ ഈസർ, ഓസ്ലം ഡാൽകിരൻ എന്നിവർക്ക് ഒരു വർഷം ഒരു മാസം വീതം ശിക്ഷ വിധിച്ച കോടതി ജർമൻ പൗരനായ പീറ്റർ സ്റ്റീഡ്‌നർ, സ്വീഡിഷ് അലി ഗരവി എന്നിവരടക്കം ഏഴ് പ്രവർത്തകരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

2017 ജൂലൈയിൽ ഡിജിറ്റൽ സുരക്ഷാ പരിശീലന ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇസ്താംബൂളിന് സമീപമുള്ള ബൈയുകട ദ്വീപിൽ വെച്ച് പത്ത് പ്രവർത്തകർ പോലീസ് റെയ്ഡിൽ അറസ്റ്റിലാകുന്നത്. എന്നാൽ ഒരു മാസം മുമ്പ് ഇസ്മിർ നഗരത്തിൽ വെച്ചാണ് കിലിക് അറസ്റ്റിലാകുന്നത്.

2016ലെ അട്ടിമറി ശ്രമത്തിന് കാരണക്കാരാണെന്ന് തുർക്കി സർക്കാർ കുറ്റപ്പെടുത്തുകയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്ത യു എസ് ആസ്ഥാനമായുള്ള മതനേതാവ് ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനകളെ സഹായിച്ചതിനാണ് പത്ത് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഈ സംഘടനയിൽ അംഗത്വമെടുത്തു എന്നതാണ് കിലിക്കിനെതിരെയുള്ള ആരോപണം. എന്നാൽ അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയെന്ന ആരോപണം നിഷേധിച്ച് ഗിലെൻ രംഗത്തെത്തി.

അതേസമയം, തുർക്കിയിലെ മനുഷ്യാവകാശത്തിനും നീതിക്കുമേറ്റ തിരിച്ചടിയാണ് കോടതിയുടെ ഈ നടപടിയെന്ന് ആംനസ്റ്റി അപലപിച്ചു.

Latest