Editorial
ആരുടെ വിജയം; ഇന്ത്യയുടെയോ ഇറ്റലിയുടെയോ?

സംസ്ഥാനത്തും ദേശീയതലത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച 2012ലെ കടല്‍ക്കൊല കേസില്‍ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലില്‍ നിന്നുണ്ടായ വിധിപ്രസ്താവം ഇന്ത്യയുടെ വിജയമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ജീവഹാനി, ശാരീരിക ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകള്‍, ധാര്‍മികമായ ക്ഷതം എന്നിവക്കുള്ള നഷ്ടപരിഹാരത്തിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്നും ഇന്ത്യയും ഇറ്റലിയും പരസ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുക തീരുമാനിക്കണമെന്നുമാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. ഇന്ത്യ നിയമ വിരുദ്ധമായി നാവികരെ തടങ്കലില്‍ വെച്ചതിന് നാവികര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. അതേസമയം, ഇന്ത്യയിലെ കോടതികള്‍ക്ക് ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ഇല്ലെന്നും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ ഇറ്റലിക്കാരായതിനാല്‍ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഇന്ത്യക്ക് അധികാരമില്ലെന്ന ഇറ്റലിയുടെ വാദം അംഗീകരിക്കുകയായിരുന്നു.
2012 ഫെബ്രുവരി 15ന് കൊല്ലം തീരക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന സെലസ്റ്റിന്‍ വാലന്റൈന്‍, അജീഷ് പിങ്കി എന്നിവര്‍ ഇറ്റലിയുടെ എണ്ണക്കപ്പലായ എന്‍ട്രിക്കാ ലക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റു മരണപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലാത്തോറും സാല്‍വത്തോർ ഗിറോണിയും ഫെബ്രുവരി 19ന് അറസ്റ്റിലായി. മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രകോപനമോ അക്രമമോ ഇല്ലാതെ അവര്‍ക്കു നേരെ വെടിയുതിര്‍ത്തത് തീര്‍ത്തും ക്രിമിനല്‍ കുറ്റവും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതുമാണ്. കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയിലാണ് വെടിവെച്ചതെന്നാണ് കപ്പലിലെ നാവികര്‍ പറയുന്നത്. എന്നാല്‍ സൊമാലിയന്‍, ഇന്തോനേഷ്യന്‍ തീരങ്ങളില്‍ മാത്രം കണ്ടുവരുന്ന കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ തീരത്ത് എങ്ങനെ എത്തിയെന്ന് ഒരു നിമിഷം ചിന്തിക്കാനോ കടല്‍ക്കൊള്ളക്കാര്‍ ഉപയോഗിക്കുന്ന ചെറു നൗകകളും മത്സ്യബന്ധന ബോട്ടുകളും തിരിച്ചറിയാനോ കഴിയാത്തവരായിരുന്നോ ഈ നാവികര്‍? പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് കൈക്കൊള്ളണമെന്നും കൊലക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നുമായിരുന്നു വെടിവെപ്പില്‍ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന്റെയും കേരള സര്‍ക്കാറിന്റെയും ആവശ്യം. തുടക്കത്തില്‍ കേസ് അന്വേഷിച്ച കേരള പോലീസിന്റെയും പിന്നീട് കേസ് ഏറ്റെടുത്ത എന്‍ ഐ എയുടെയും നിലപാടും മറ്റൊന്നായിരുന്നില്ല. എന്നിട്ടും കേവല നഷ്ടപരിഹാര വിധിയില്‍ കേസ് പര്യവസാനിച്ചതിന് പിന്നില്‍ അന്ന് കേന്ദ്രം ഭരിച്ച യു പി എ സര്‍ക്കാറിന്റെ പിടിപ്പുകേടും ഇറ്റലിയോടുള്ള വിധേയത്വവുമായിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന, ഭീകരവിരുദ്ധ നിയമമായ “സുവ” ചുമത്തിയാണ് എന്‍ ഐ എ കുറ്റപത്രം തയ്യാറാക്കിയത്. (സമുദ്രയാത്രയിലെ സുരക്ഷ അപകടത്തിലാക്കുന്ന നിയമവിരുദ്ധ ചെയ്തികള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമമാണ് 1988ല്‍ റോമില്‍ ഇന്ത്യകൂടി ഒപ്പുവെച്ച സുവ). അന്വേഷണ ഏജന്‍സിയുടെ നിലപാടിനോട് പക്ഷേ കേന്ദ്ര സര്‍ക്കാര്‍ യോജിച്ചില്ല. വധശിക്ഷക്ക് സാധ്യതയുള്ള വകുപ്പുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു വിദേശ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിലപാട്. “സുവ” ചുമത്തരുതെന്ന് ഇറ്റലി ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ഇറ്റലിക്കു വേണ്ടി യൂറോപ്യന്‍ യൂനിയനും ഇന്ത്യക്കു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം വഷളാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്നും നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് പിന്മാറുമെന്ന് വരെ യൂറോപ്യന്‍ യൂനിയന്‍ ഭീഷണിപ്പെടുത്തി.
ഇറ്റലിയെയും യൂറോപ്യന്‍ യൂനിയനെയും പ്രകോപിപ്പിക്കാതിരിക്കാനായി സുവ നിയമത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന മൂന്ന് (ജി) വകുപ്പ് ഒഴിവാക്കി പത്ത് വര്‍ഷം തടവ് മാത്രം ലഭിക്കുന്ന മൂന്ന് (എ) വകുപ്പ് ചുമത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ അവര്‍ വഴങ്ങിയില്ല. മൂന്ന് (എ) വകുപ്പും പറ്റില്ലെന്നും “സുവ” വകുപ്പുകളെല്ലാം റിപ്പോര്‍ട്ടില്‍ നിന്ന് നീക്കണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ സര്‍ക്കാര്‍ അവര്‍ക്ക് അടിയറവ് പറയുകയും സുവ പൂര്‍ണമായും ഒഴിവാക്കാന്‍ എന്‍ ഐ എക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. സുവ നിയമം ഒഴിവാക്കിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. കേരളം കോടതിയില്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇത് ഇന്ത്യയുടെ പരമാധികാരത്തിന് നിരക്കാത്തതും രാജ്യത്തിന്റെയും ജനതയുടെയും അഭിമാനം അടിയറവെക്കുന്നതാണെന്നും പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
സംഭവം നടക്കുമ്പോള്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറും പിന്നീട് അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാറും കേസിന്റെ ഓരോ ഘട്ടത്തിലും പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കൊലക്കേസ് പ്രതികള്‍ക്ക് സ്വന്തം നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിക്കാനുള്ള അനുവാദം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു കൊടുത്തു. പിന്നീട് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രതികളില്‍ ഒരാള്‍ ചികിത്സക്കെന്ന പേരില്‍ വീണ്ടും ഇറ്റലിയിലേക്ക് കടന്നു. 2016 അവസാനത്തില്‍ രണ്ടാമത്തെ നാവികനും രക്ഷപ്പെട്ടു. പ്രതികളെ വിസ്തരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് തീരുമാനമാകും വരെ അവരെ തടവിലിടരുതെന്ന അന്താരാഷ്ട്ര നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാമത്തെ പ്രതിയെ മോചിപ്പിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സൗകര്യമൊരുക്കുന്നതിനാണ് മോചനമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടന്ന കുറ്റകൃത്യത്തിന്റെ വിചാരണ ഇന്ത്യയില്‍ നടത്താനുള്ള അവകാശം നേടിയെടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് വെളിയിലാണ് സംഭവം നടന്നതെന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിലെ ഇറ്റലിയുടെ വാദമാണ് ഇന്ത്യക്ക് വിനയായത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയാണെന്ന് സ്ഥാപിക്കുന്നതിനു മതിയായ ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. യഥാര്‍ഥത്തില്‍, ആരുടെ വിജയമാണ് രാജ്യാന്തര ട്രൈബ്യൂണലിന്റെ തീര്‍പ്പ്; ഇന്ത്യയുടെയോ ഇറ്റലിയുടെയോ?