Connect with us

National

ഡല്‍ഹി വംശഹത്യ: നാല് മാസം പിന്നിട്ടിട്ടും എഫ് ഐ ആറുകള്‍ പരസ്യമാക്കാതെ പോലീസ്, ദുരൂഹത

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാന്‍ ആരംഭിച്ചെങ്കിലും എഫ് ഐ ആറുകള്‍ പരസ്യമാക്കാതെ പോലീസ്. സാധാരണ പോലീസ് വെബ്‌സൈറ്റുകളില്‍ എഫ് ഐ ആറുകള്‍ അപ്ലോഡ് ചെയ്യേണ്ടതാണെങ്കിലും നിര്‍ണായക ഉള്ളടക്കങ്ങളുള്ളവയെ ഇതില്‍ നിന്ന് ഒഴിവാക്കും. അതേസമയം, ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട എല്ലാ എഫ് ഐ ആറുകളും രഹസ്യമാക്കി വെക്കുന്ന പോലീസിന്റെ നടപടി സംശയം ജനിപ്പിക്കുന്നതാണ്. നിര്‍ണായക ഉള്ളടക്കം എന്നത് എല്ലാ എഫ് ഐ ആറുകള്‍ക്കും ബാധകമാക്കിയത് ശരിയായ രീതിയിലാണോയെന്ന സംശയമുണ്ടെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഫ് ഐ ആറുകള്‍ ഒഴികെ അന്വേഷണ വിവരങ്ങള്‍ പരസ്യമാണെന്നിരിക്കെ, പ്രധാന ചോദ്യങ്ങളാണ് ഉയരുന്നത്. ഏത് കുറ്റങ്ങളാണ് അംഗീകരിക്കപ്പെട്ടത്, ഫെബ്രുവരി 24 മുതലുള്ള ആഴ്ചയിലെ ഏതൊക്കെ അക്രമങ്ങള്‍ക്കാണ് പോലീസ് സാക്ഷിയായതും രേഖയാക്കപ്പെട്ടതും, ഏതൊക്കെ ഔദ്യോഗിക രേഖയായി തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. മുന്‍കാല അനുഭവങ്ങളാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. 1984ലെ സിഖ് വംശഹത്യയില്‍ നൂറുകണക്കിന് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഒടുവില്‍ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ കമ്മീഷന് ഉത്തരവിടേണ്ടി വന്നു. 1989ലെ ഭഗല്‍പൂര്‍ കലാപത്തില്‍ 628 മുതല്‍ 982 വരെ മരണങ്ങള്‍ക്ക് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ മരണങ്ങളധികവും പോലീസ് വെടിവെപ്പിലായിരുന്നു. 1993ലെ ബോംബെ കലാപത്തിലും 2002ലെ ഗുജറാത്ത് വംശഹത്യയിലും എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വാധീനമുള്ള നേതാക്കള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത്.

ഡല്‍ഹി വംശഹത്യയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എഫ് ഐ ആറുകള്‍ ഇല്ലാത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പരാതിയില്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങളും നിരവധിയാണ്. അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പേരെടുത്ത് പരാമര്‍ശിച്ച പരാതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. പോലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ പരാതി സമര്‍പ്പിക്കാന്‍ പോലും തയ്യാറാകാത്തവരുമുണ്ട്. ചില പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

ഡല്‍ഹി സംഭവവികാസങ്ങള്‍ക്കിടെ, യൂനിഫോമിട്ട ഉദ്യോഗസ്ഥര്‍ മസ്ജിദിനെതിരെ അക്രമം നടത്തുന്നതും ഗര്‍ഭിണിയെ ലാത്തിയും കല്ലും കൊണ്ട് കുത്തുന്നതും ഒരാളെ തല്ലിക്കൊന്ന് ഓടയിലേക്ക് എറിയുന്നത് നോക്കിനില്‍ക്കുന്നതും സി സി ടി വി ക്യാമറ നശിപ്പിക്കാന്‍ അക്രമസക്തരായ ജനക്കൂട്ടത്തിന് നിര്‍ദേശം നല്‍കുന്നതുമെല്ലാം വ്യാപകമായിരുന്നു. കൊള്ളയിലും കൊള്ളിവെപ്പിലും വെടിവെപ്പിലും ലൈംഗിക അതിക്രമത്തിലും ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ പരാമര്‍ശിക്കുന്ന പരാതികളും പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്നും എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചാല്‍ പരാതിക്കാര്‍ക്ക് കോടതികളെ സമീപിക്കാം. എന്നാല്‍ ഇത് ചെലവേറിയതും എപ്പോഴും നിയമസഹായം തേടേണ്ടതുമാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമാണ്.