Connect with us

National

സര്‍ക്കാര്‍ അക്കൗണ്ട് സ്വകാര്യ ബേങ്കിലേക്ക് മാറ്റി; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫട്‌നാവിസിനെതിരെ പോലീസില്‍ പരാതി

Published

|

Last Updated

മുംബൈ | അധികാര ദുര്‍വിനിയോഗത്തിലൂടെ പൊതുമേഖലാ ബേങ്കിന് വന്‍ നഷ്ടം വരാന്‍ കാരണമായ ഗൂഢാലോചന നടത്തിയതിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ പോലീസില്‍ പരാതി. നാഗ്പൂരിലെ സീതാബുഡി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. മോനിഷ് ജബല്‍പൂര്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.

ഈ ഗൂഢാലോചനയില്‍ ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ് ഏര്‍പ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. സര്‍ക്കാര്‍ അക്കൗണ്ട് സ്വകാര്യ ബേങ്കായ ആക്‌സിസിലേക്ക് മാറ്റിയാണ് പൊതുമേഖലാ ബേങ്കായ എസ് ബി ഐക്ക് വന്‍ നഷ്ടമുണ്ടാക്കിയത്.

പോലീസുകാരുടെ സാലറി അക്കൗണ്ടുകളും സഞ്ജയ് ഗാന്ധി നിരാധാര്‍ യോജനയിലെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളും ആക്‌സിസ് ബേങ്കിലേക്ക് മാറ്റാന്‍ 2017 മെയ് 11നാണ് മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്ന ദേശസാത്കൃത ബേങ്കുകള്‍ക്ക് ഇതിലൂടെ വലിയ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

അക്കൗണ്ടുകള്‍ മാറ്റുന്ന കാലത്ത് ആക്‌സിസ് ബേങ്കിന്റെ ഡയറക്ടര്‍ ആയിരുന്നു ഫട്‌നാവിസിന്റെ ഭാര്യ അമൃത. കഴിഞ്ഞ മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതിയില്‍ ഇതേ സാമൂഹിക പ്രവര്‍ത്തകന്‍ ഹരജി നല്‍കിയിരുന്നു.

Latest