Connect with us

Covid19

അധികൃതരുടെ അനാസ്ഥ: കൊവിഡ് ബാധിതൻ്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറിൽ സൂക്ഷിക്കാൻ നിർബന്ധിതരായി കുടുംബം

Published

|

Last Updated

കൊൽക്കത്ത | അധികൃതരുടെ അനാസ്ഥ മൂലം കൊവിഡ് ബാധിതനായ 71 കാരന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറിൽ സൂക്ഷിക്കാൻ നിർബന്ധിതരായി കുടുംബം.സെൻട്രൽ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റിലെ ഒരു അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ശ്വാസതടസ്സത്തെതുടർന്ന് രാവിലെ ഡോക്ടറെ സമീപിച്ച ഇയാളോട് കൊവിഡ് പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ ക്ലിനിക്കിൽ നിന്ന് വീട്ടിലെത്തിയ ഇയാൾ വൈകീട്ട് മരിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം മാറ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്.

അപ്പാർട്ട്‌മെന്റിലെത്തിയ ഡോക്ടർ മരണം സ്ഥിരീകരിച്ചെങ്കിലും കൊവിഡ് പരിശോധനാഫലം ലഭിക്കാതെ മരണ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റില്ലാതെ നഗരത്തിലെ മോർച്ചറി നടത്തിപ്പുകാർ മൃതദേഹം സ്വീകരിക്കാൻ തയ്യാറായില്ല. പ്രാദേശിക പോലീസ്, ആരോഗ്യവകുപ്പ്, പൗരസംഘടനകൾ എന്നിവരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

മരണം സംഭവിച്ച് മണിക്കൂറുകൾ പിന്നിട്ടതോടെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാർ ഐസ്‌ക്രീം ഫ്രീസർ വാടകക്ക് എടുത്ത്  രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചത്. അന്ന് വൈകീട്ട് കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതോടെ മൃതദേഹം സംസ്‌കരിക്കാൻ സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ബുധനാഴ്ച രാവിലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് വീട്ടുകാരെ ബന്ധപ്പെട്ടത്. തുടർന്ന് ബുധനാഴ്ച ഉച്ചക്ക് മുനിസിപ്പൽ കോർപറേഷൻ അധികൃതരെത്തി മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയി. മരിച്ച് 48 മണിക്കൂറിന് ശേഷം മാത്രമാണ് കെട്ടിടം അണുവിമുക്തമാക്കിയത്.

Latest