Connect with us

Gulf

വിഷ്ണുവിന്റെ നന്മ മനസ്സിന് മർകസിന്റെ കരുതൽ

Published

|

Last Updated

ദുബൈ | ജോലി നഷ്ടപ്പെട്ട് നാല് മാസത്തോളം റൂമിൽ കഴിഞ്ഞ തൃശൂർ കേച്ചേരി സ്വദേശി വിഷ്ണു എന്തെങ്കിലും ജോലി ചെയ്യണമെന്ന് കരുതിയിരിക്കുമ്പോഴാണ് താൻ താമസിക്കുന്ന ക്യാമ്പിൽ ഐ സി എഫ് പ്രവർത്തകർ  റമസാനിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയത്. ഇത് കണ്ട വിഷ്ണു ഇവരുടെ കൂടെ കൂടി.

കൂലി ഇല്ലെങ്കിലും എന്തെങ്കിലും നന്മചെയ്യാൻ കഴിയുമല്ലോ എന്ന് കരുതിയാണ് ആർ എസ് സി പ്രവർത്തകനായ റിയാസ് സിയാദിനോട് തന്നെ   കൂടെ കൂട്ടാമോ എന്ന് ചോദിച്ചത്. ഭക്ഷണ വിതരണത്തിന് ജബൽഅലി ഇൻഡസ്ട്രിയൽ യൂണിറ്റിലെ പ്രവർത്തകരോടൊപ്പം കൂടിയ വിഷ്ണു മുഴുസമയ സാന്ത്വന പ്രവർത്തകനായി.

ഐസൊലേഷനിൽ നിൽക്കുമോ എന്ന് ജബൽ അലി ഐ സി എഫ് മുൻനിര പ്രവർത്തകൻ ലുഖ്മാൻ മാങ്ങാട് ചോദിച്ചു, എന്തു സേവന പ്രവത്തനവും ചെയ്യാൻ തയ്യാറായ വിഷ്ണു ഐസൊലേഷനിൽ പോസിറ്റിവ് ആയ രോഗികൾക്ക് സേവനം ചെയ്യാൻ തയ്യാറായി.

മെഡിക്കൽ ടീമിനും രോഗികൾക്കുമെല്ലാം പ്രിയങ്കരനായ വിഷ്ണു കേച്ചേരിക്കും സുനീർ പുന്നയൂർകുളത്തിനും നിർഭാഗ്യവശാൽ കൊറോണ പോസിറ്റീവ് ആയി. എല്ലാ സൗകര്യത്തോടും കൂടി ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ പോലീസ് മേധാവി ഇടപെട്ട് ക്വാറന്റൈൻ ചെയ്തു. മൂന്ന് ആഴ്ച ക്വാറന്റൈനിൽ കഴിയേണ്ടി വന്നു. പൂർണമായും രോഗമുക്തി നേടിയ വിഷ്ണുവിന് നാട്ടിലേക്കു പോകണമെന്ന് പറഞ്ഞപ്പോൾ തീർത്തും അർഹനായ വിഷ്ണുവിന് മർകസ് സൗജന്യവിമാനത്തിൽ ബന്ധപ്പെട്ടവർ സീറ്റ് തരപ്പെടുത്തുകയായിരുന്നു.

മർകസ് സൗജന്യ വിമാനത്തിൽ വിഷ്ണുവിന് നാടണയാൻ അവസരം ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജബൽ അലി ഐ സി എഫ്, മർകസ് പ്രവർത്തകർ.

Latest