Connect with us

Kerala

കേരള കോണ്‍ഗ്രസ് വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍; പ്രതികരണത്തില്‍ സന്തോഷമെന്ന് ജോസ് കെ മാണി

Published

|

Last Updated

തിരുവനന്തപുരം | യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം പുറത്തുപോയത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍.കേരള കോണ്‍ഗ്രസ് നിലപാട് പറയുമ്പോള്‍ എല്‍ഡിഎഫ് നയം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇപ്പോള്‍ പ്രതിസന്ധിയിലാണുള്ളത്. ഇത് യുഡിഎഫിന്റെ തകര്‍ച്ചയുടെ തുടക്കമാണ്
കേരളത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതുവരെ ജോസ് പക്ഷം സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസ് നിലപാട് പറയുമ്പോള്‍ എല്‍ഡിഎഫും നയം വ്യക്തമാക്കും.എല്ലാ കാര്യങ്ങളും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമെ തീരുമാനമെടുക്കുവെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജനപിന്തുണയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയുമായി ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.പാര്‍ട്ടിയിലെ ചില രാജികള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ല. പ്രതിസന്ധിയുണ്ടാകുമ്പോള്‍ ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകും. അത് സ്വാഭാവികമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു