Connect with us

Gulf

പന്ത്രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം വേണ്ട

Published

|

Last Updated

അബുദാബി | പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എന്നാല്‍ പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ പെര്‍മിറ്റ് ആവശ്യമില്ല.

അതിനിടെ, മാസങ്ങളുടെ ഇടവേളക്ക് ശേഷം അബുദാബി എമിറേറ്റില്‍ ഇന്ന് മുതല്‍ പേ പാര്‍ക്കിംഗ് നിലവില്‍ വരും. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ അനുവദിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് വിഭാഗം ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അറിയിച്ചു.

പാര്‍ക്കിംഗ് ഉപയോഗിക്കുന്നവര്‍ ഡര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ ഇത്തിസലാത്ത് അല്ലെങ്കില്‍ ഡു ഫോണ്‍ നമ്പറുകളില്‍ നിന്ന് 3009 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുകയോ വേണം. ഇലക്ട്രോണിക് പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കാന്‍ സന്നദ്ധമാകണമെന്നും ഐ ടി സി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ പേയ്‌മെന്റ് മെഷീനുകളും ദിവസേന അണുവിമുക്തമാക്കിയതിനാല്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ഐ ടി സി അറിയിച്ചു.