Connect with us

Kerala

ഉത്തരവാദപ്പെട്ട പദവിയിലാണിരിക്കുന്നതെന്ന് ചെന്നിത്തലക്ക് ഓര്‍മ വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട പദവിയിലാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ബസ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇ ബസ് നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കാത്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍, ചീഫ് സെക്രട്ടറിയോട് പരിശോധിച്ച് അഭിപ്രായം പറയണമെന്ന് ഫയലില്‍ താന്‍ പറഞ്ഞതുകൊണ്ടാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫയലിന്റെ ഒരു ഭാഗം മാത്രമെടുത്താണ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്. ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് നടന്ന് പോയതല്ല. ചെന്നിത്തല കാണിച്ച ഭാഗത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ഭാഗമുണ്ട്. ഈ ഭാഗം മറച്ചുവച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരിടത്ത് മാത്രമല്ല, പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ഫയല്‍ കിട്ടിയാല്‍ മനസ്സിരുത്തി വിശദമായി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ ഉറപ്പുണ്ടാവുകയും വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കരുത്. തെറ്റായ കാര്യം ഓരോ ദിവസവും ഉന്നയിച്ചു കൊണ്ടേയിരിക്കുക, മാധ്യമങ്ങള്‍ മറുപടി തേടുക എന്ന രീതിയാണ് നടന്നുവരുന്നത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വന്നതു കൊണ്ടൊന്നും സംസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികള്‍ വേണ്ടെന്നു വക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതി കേരളത്തില്‍ നിന്ന് പറിച്ചുനടാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. പ്രതിപക്ഷ നേതാവ് അതിന് വളം വച്ചു കൊടുക്കരുത്. കുറേ വൈദ്യുതി ബസ് ഉണ്ടാക്കുകയെന്നതു മാത്രമല്ല, കേരളത്തെ വൈദ്യുത വാഹനത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിലൂടെ പൊതു ഗതാഗതം പ്രകൃതി സൗഹൃദമാക്കുകയും വൈദ്യുത വാഹന നിര്‍മാണ മേഖലയില്‍ ചെറുപ്പക്കാര്‍ക്ക് ജോലിക്ക് അവസരം ഒരുക്കുകയും ചെയ്യും. ബാറ്ററി നിര്‍മാണത്തിനടക്കം അവസരം ഒരുങ്ങും. വിവിധ മേഖലയില്‍ വളര്‍ച്ചയുണ്ടാകും. അതിനെ വിവാദത്തിലൂടെ തളര്‍ത്താനുള്ള ശ്രമം നടക്കില്ല.

പി ഡബ്ല്യു സിക്ക് മേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയെങ്കില്‍ അത് വിശദീകരിക്കേണ്ടത് അവരാണ്. സത്യം ഗ്രൂപ്പിന്റെ ഓഡിറ്റിംഗില്‍ പിഴവ് വരുത്തിയതിന് പി ഡബ്ല്യു സി കമ്പനിക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഡിറ്റിംഗില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇ ബസ് നിര്‍മാണത്തിന് ഹെസ്സുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉ്ന്നയിച്ച ആരോപണവും തെറ്റാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയമനുസരിച്ചാണ് പരിസ്ഥിതി സൗഹൃദമായ ഇ-വെഹിക്കിള്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest