കൊവിഡ് പ്രോട്ടോകോളില്‍ സംസ്ഥാനം മാറ്റം വരുത്തി; ആദ്യ ഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്

Posted on: July 1, 2020 6:46 pm | Last updated: July 1, 2020 at 7:40 pm

തിരുവനന്തപുരം | കൊവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗികളെ രണ്ട് തവണ തുടര്‍ച്ചയായി നെഗറ്റീവ് പരിശോധന ഫലം വന്നാല്‍ മാത്രം ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും.

ഐ സി എം ആറും ലോകാരോഗ്യ സംഘടനയും നേരത്തെതന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍, ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്താനാണ് പുതിയ തീരുമാനം.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനക്ക് വിധേയരാക്കും. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ അപ്പോള്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് ദിവസംകൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.

കോവിഡിനൊപ്പം മറ്റുരോഗങ്ങള്‍ ഉള്ളവരെ പതിനാലാം ദിവസമാകും പരിശോധനക്ക് വിധേയരാക്കുക. ഫലം നെഗറ്റീവായാല്‍ മറ്റു രോഗാവസ്ഥകള്‍കൂടി പരിഗണിച്ചശേഷം ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജിനു ശേഷം 14 ദിവസം ക്വാറന്റീനെന്ന നിബന്ധന ഒഴിവാക്കി. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പര്‍ക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.