Connect with us

Editorial

ജോസ് കെ മാണി ഇനി എങ്ങോട്ട് ?

Published

|

Last Updated

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് പ്രത്യക്ഷത്തില്‍ ജോസ് കെ മാണി പക്ഷത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കാനിടയാക്കിയതെങ്കിലും കെ എം മാണിയുടെ അവസാന നാളുകളില്‍ ഉടലെടുത്ത മാണിയുടെ പിന്‍ഗാമിയാരെന്ന തര്‍ക്കമാണ് യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. മാണിക്കു ശേഷം പാര്‍ട്ടിയില്‍ ഏറ്റവും പഴക്കവും തഴക്കവുമുള്ള നേതാവാണ് പി ജെ ജോസഫ്. മാണിക്കു ശേഷം എന്തുകൊണ്ടും പാര്‍ട്ടി നായകസ്ഥാനം തനിക്കവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ മകന്‍ ജോസിനെയാണ് കെ എം മാണി തന്റെ പിന്‍ഗാമിയായി കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച കേരള യാത്രയെ നയിക്കാന്‍ കെ എം മാണി ജോസഫിനെ തഴഞ്ഞ് ജോസിനെ നിയോഗിച്ചത് ഇതിന്റെ മുന്നോടിയായിരുന്നു.

മാണി ജീവിച്ചിരിക്കെ ഒരു ഏറ്റുമുട്ടലിനു തുനിയുന്നത് പന്തിയായിരിക്കില്ലെന്നു മനസ്സിലാക്കിയ ജോസഫ് പക്ഷേ, തത്കാലം ക്ഷമിച്ചു. മാണിക്കു ശേഷം വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ജോസഫ് പിന്നീട് പിടിമുറുക്കി. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തേക്കു പകരക്കാരനെ പാര്‍ട്ടി സംസ്ഥാന സമിതി ചേര്‍ന്ന് തിരഞ്ഞെടുക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കിംഗ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനം കൈയാളുകയാണ് വേണ്ടതെന്ന നിലപാടാണ് ജോസഫ് സ്വീകരിച്ചത്. ഒടുവില്‍ സി എഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കി തര്‍ക്കം പരിഹരിക്കാന്‍ ജോസഫ് ശ്രമിച്ചെങ്കിലും ആ നിര്‍ദേശം തള്ളി കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. അതിനിടെ പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി സംബന്ധിച്ചും പാര്‍ട്ടി ചിഹ്നമായ രണ്ടില സംബന്ധിച്ചും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തു. പാലായിലെ തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഭിന്നത പിന്നെയും വര്‍ധിച്ചു. ഏറ്റവും ഒടുവിലെത്തേതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം.

ഒഴിവുവന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ഇരു വിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചപ്പോള്‍ യു ഡി എഫ് നേതൃത്വം ഇടപെടുകയും ജോസ് കെ മാണി വിഭാഗം എട്ട് മാസവും പി ജെ ജോസഫ് വിഭാഗം ആറ് മാസവും പ്രസിഡന്റ് പദവി വഹിക്കാമെന്ന ധാരണയിലെത്തിയതുമാണ്. ഇതനുസരിച്ചാണ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. എട്ട് മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെച്ചില്ല. ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു ഒഴിഞ്ഞു കൊടുക്കണമെന്ന് യു ഡി എഫ് നേതൃത്വം പല തവണ ആവശ്യപ്പെട്ടിട്ടും ജോസ് വഴങ്ങിയില്ലെന്നു മാത്രമല്ല, യു ഡി എഫ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു. അങ്ങനെയൊരു ധാരണ ഇല്ലെന്നാണ് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചത്. ഇതോടെയാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് നിര്‍ബന്ധിതമായത്.

ജോസ് കെ മാണിയുടെ അടുത്ത നീക്കമെന്തെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടതു മുന്നണിയിലാണ് ജോസിന്റെ കണ്ണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സി പി എമ്മിനും താത്പര്യമുണ്ട്. പാലായിലും കടത്തുരുത്തിയിലുമുള്‍പ്പെടെ മധ്യകേരളത്തിലെ ചില മണ്ഡലങ്ങളില്‍ ജോസ് വിഭാഗത്തിനുള്ള സ്വാധീനം ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. “രാഷ്ട്രീയത്തില്‍ എല്ലാം എല്ലാ കാലത്തേക്കുമല്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സാഹചര്യത്തിനനുസരിച്ചാണ് നിലപാടെ”ന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് സി പി എമ്മിന്റെ നിലപാട് വായിച്ചെടുക്കാവുന്നതാണ്. അതേസമയം, യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ കോഴയിലുള്‍പ്പെടെ കെ എം മാണിക്കെതിരെ നടത്തിയ വിമര്‍ശവും സമരങ്ങളും ചൂണ്ടിക്കാട്ടി പുതിയ ബന്ധത്തിന്റെ അപഹാസ്യത യു ഡി എഫ് തുറന്നു കാട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമോ എന്ന ഭീതിയും സി പി എമ്മിനുണ്ട്. മാത്രമല്ല, ജോസുമായി ഒരു ബന്ധവും വേണ്ടെന്ന് സി പി ഐ തീര്‍ത്തു പറയുകയും ചെയ്യുന്നു. യു ഡി എഫ് ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാനോ എല്‍ ഡി എഫിന് ബാധ്യതയില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തെ എല്‍ ഡി എഫിൽ എടുക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ വ്യത്യാസമുണ്ട്. എല്‍ ഡി എഫ് നയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. ആരെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല. ജോസ് വിഭാഗം എങ്ങോട്ടു പോയാലും എല്‍ ഡി എഫിന് പ്രശ്‌നമില്ല. അവരുടെ വിധി അവര്‍ തീരുമാനിക്കട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബി ജെ പിയും വലയെറിഞ്ഞിട്ടുണ്ട് ജോസ് വിഭാഗത്തെ ലക്ഷ്യമാക്കി. പ്രത്യേക ദൂതന്‍ മുഖേന ജോസിന് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയതായും ക്ഷണം അദ്ദേഹം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനമാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി ജെ പി കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഈ ലക്ഷ്യത്തിലാണ് പി സി തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ അവരുടെ വരവ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയിട്ടില്ല. ജോസ് കെ മാണിയുടെ കടന്നുവരവ് ക്രിസ്ത്യന്‍ സമുദായത്തില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ സഹായകമാകുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ. ആദര്‍ശ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിനു വഴിമാറിയ ഇന്നത്തെ സാഹചര്യത്തില്‍ മറ്റു വഴികളില്ലെങ്കില്‍ പി സി തോമസിന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പിന്‍ഗാമിയായിക്കൂടായ്കയില്ല ജോസ് കെ മാണി. യു ഡി എഫ് പുറത്താക്കിയതിന്റെ ചമ്മല്‍ തീര്‍ക്കാന്‍ ജോസിനെ അത് സഹായിച്ചേക്കാമെങ്കിലും അദ്ദേഹത്തിന്റെ ഭാവി ഇരുളടയുമെന്നും പാലാ സീറ്റ് കൈയില്‍ നിന്ന് പോയതു പോലെ ജോസ് കെ മാണി വിഭാഗത്തിന് കേരള രാഷ്ട്രീയത്തില്‍ തന്നെ അഡ്രസ്സില്ലാതാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.