Connect with us

Ongoing News

യുഎഇ വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കി; കേരളത്തിലേക്കുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ധരിക്കണം

Published

|

Last Updated

അബൂദബി | യുഇഎയില്‍ നിന്ന് കേരളത്തിലേക്ക് വന്നിരുന്ന യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ആന്റിബോഡി റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കി. ജൂലൈ ഒന്ന് മുതല്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തില്ല. പകരം യാത്രക്കാര്‍ പി പി ഇ കിറ്റും എന്‍ 95 മാസ്‌കും ധരിക്കണമെന്ന കേരള സര്‍ക്കാറിന്റെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ വിമാന കമ്പനികള്‍ക്കും വിമാനത്താളവ അധികൃതര്‍ക്കും യുഎഇ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ മാസം 26നാണ് റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ യുഎഇ തീരുമാനിച്ചത്.

കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ റാപിഡ് ടെസ്റ്റ് നടത്തിയിരുന്നത്. റാപിഡ് ടെസ്റ്റില്‍ നെഗറ്റീവ് ഫലം രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ വിമാനയാത്ര അനുവദിച്ചിരുന്നുള്ളൂ. ഇതിനിടെ, വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് കണ്ട് കേന്ദ്രം തള്ളുകയായിരുന്നു.

പെട്ടെന്ന് ഫലം അറിയാനാകും എന്നതാണ് റാപിഡ് ടെസ്റ്റിന്റെ പ്രത്യേകത. റാപിഡ് ടെസ്റ്റ് പോസിറ്റീവാകുന്നവര്‍ക്ക് വിശദമായ പി സി ആർ പരിശോധന നടത്തി ഫലം ഉറപ്പിച്ചിരുന്നു.

അതിനിടെ, യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദാബി വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലം കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നിര്‍ദേശിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി