Connect with us

National

ഇളവുകള്‍ വന്നപ്പോള്‍ ജാഗ്രത കുറഞ്ഞു; ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പിന്തുടരണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വ്യാപനം തടയാന്‍ യഥാസമയം രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ ലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, ആരോഗ്യ, ശുചിത്വ പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നിടതില്‍ ജനങ്ങള്‍ ഇപ്പോള്‍ അശ്രദ്ധ കാണിക്കുന്നുവെന്നും ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്ന ജാഗ്രത അടുത്ത ദിവസങ്ങളില്‍ കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആരും നിയമത്തിന് അതീതരല്ല. ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രി വരെ എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. കൊറോണ തടയാന്‍ ഏര്‍പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. രാജ്യം അണ്‍ലോക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയലാണുള്ളത്. എന്നിരുന്നാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പകർച്ചവ്യാധികളുടെ സമയമാണ് ഇതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി 1.75 കോടി രൂപ മാറ്റിവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പത് കോടി കര്‍ശകരുടെ അക്കൗണ്ടുകളില്‍ 18000 കോടി രൂപ നിക്ഷേപിച്ചു. 31,000 കോടി രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ എത്തിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം സൗജന്യ റേഷന്‍ നവംബര്‍ അവസാനം  വരെ നീട്ടിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കുടിയേറ്റ തൊഴിലാളികളായിരിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Latest