Connect with us

Covid19

കൊവിഡ് 19 ഭീതി ഈ അടുത്ത കാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് ഡബ്ല്യൂ എച്ച് ഒ മേധാവി

Published

|

Last Updated

ജനീവ | കൊവിഡ് 19 എന്ന മഹാമാരിയെ ലോകത്ത് നിന്ന് പിഴുതെറിയാൻ ഈ അടുത്ത കാലത്തൊന്നും സാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്വാസകോശസംബന്ധമായ പുതിയ രോഗത്തെത്തുറിച്ച് ചൈന ലോകാരോഗ്യസംഘടനയെ റിപ്പോർട്ട്
ചെയ്ത് ആറ് മാസത്തിനുള്ളിൽ ലോകത്താകമാനം 10 ദശലക്ഷം ആളുകൾക്ക് വൈറസ് ബാധിക്കുകയും 5,00,000ലധികം പേർ മരിക്കുകയും ചെയ്തു. ഇപ്പോഴും ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി തുടരുന്നു. പുതിയ രോഗികൾ കൂടി വരുന്നു. വൈറസ് ബാധിതരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുമുണ്ട്. അദ്ദേഹം പറഞ്ഞു.

കൊറോണവൈറസിൽ നിന്നുള്ള മോചനമാണ് ഏവരുടെയും ആഗ്രഹം. നാം ഓരോരുത്തരും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ, ഇത് എന്ന് അവസാനിക്കുമെന്ന് ആർക്കും പറാൻ കഴിയാത്ത സാഹചര്യമാണ്. ആഗോളതലത്തിൽ ചില രാജ്യങ്ങൾ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, മറ്റു ചിലയിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്.

ഫലപ്രദമായ വാക്‌സിൻ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ ആഗോലതലത്തിൽ നടക്കുന്നുണ്ട്. ചില പരീക്ഷണങ്ങൾ ഏറെ പുരോഗതി കൈവരിച്ചിട്ടുമുണ്ട്. എന്നാലും ഉപയോഗപ്രദമായതിലേക്ക് എത്തിച്ചേരാൻ ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ എമർജൻസി പ്രോഗ്രാം മേധാവി മൈക്ക് റയാൻ പറഞ്ഞു.

അതേസമയം, കൃത്യമായി പരിശോധനകൾ നടത്തി രോഗബാധിതരെ കണ്ടെത്തി യഥാസമയം ചികിത്സ നൽകുകയും എസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെതിരായുള്ള വാക്‌സിൻ ഗവേഷണ പുരോഗതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന ഈ ആഴ്ച ഒരു യോഗം വിളിക്കാൻ പദ്ധതിയിടുന്നതായും ടെഡ്രോസ് പറഞ്ഞു.