Connect with us

Gulf

കൊവിഡ് ദുരിതങ്ങൾക്കിടെ പിറന്ന കുഞ്ഞിന് ഏയ്ഞ്ചലിനെന്ന് പേരിട്ട് മലയാളി നഴ്‌സ്

Published

|

Last Updated

അൽഐൻ | കൊവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന് മറ്റുള്ളവർക്ക് സംരക്ഷണകവചമൊരുക്കുന്ന ആരോഗ്യ പ്രവർത്തകരെ സ്‌നേഹത്തോടെ നമ്മൾ വിളിക്കുന്ന പേരാണ്- മാലാഖമാർ. ആ മാലാഖമാരിൽ ഒരാളാണ് കോട്ടയം സ്വദേശിനി ജിൻസി ആന്റണി. യു എ ഇയിൽ കൊവിഡ് ബാധിച്ചു തുടങ്ങിയ ഘട്ടത്തിൽ രോഗബാധിതരെ പരിചരിക്കാൻ അൽഐൻ വി പി എസ് മെഡിയോർ ആശുപത്രിയിൽ സേവനനിരതയായി ജിൻസിയുണ്ടായിരുന്നു. ഗർഭിണിയായ ജിൻസിയും ഭർത്താവും സഹോദരിയും പിന്നീട് കൊവിഡ് പോസിറ്റീവായി.

കൊവിഡ് നെഗറ്റീവാകും മുമ്പേ ജീവൻ നൽകിയ സ്വന്തം കുഞ്ഞിന് ജിൻസിയും കുടുംബവുമിട്ട പേര് ഏയ്ഞ്ചലിൻ! പൊതു സമൂഹം മാലാഖമാരെന്നു വിളിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായാണ് പിഞ്ചോമനക്ക് മാലാഖയെന്ന് അർഥം വരുന്ന പേര് നൽകാൻ ഈ കുടുംബം തീരുമാനിച്ചത്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ആദ്യ കുഞ്ഞിന്റെ കളിചിരികൾക്കൊപ്പം ദുരിതകാലം മറക്കാൻ ശ്രമിക്കുന്ന കുടുംബം ഇതിനകം താണ്ടിയെത്തിയത് അതിജീവനത്തിന്റെ കഠിനപാതകളാണ്.

കുടുംബത്തിൽ മൂന്ന് പേർക്കും കൊവിഡ്

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ ജിൻസിയുടെ ഭർത്താവ് ജോസ് ജോയാണ് ആദ്യം കൊവിഡ് പോസിറ്റീവ് ആകുന്നത്. പിന്നാലെ, സാമ്പിൾ നൽകി ഫലം വന്നപ്പോൾ ജിൻസിയും പോസിറ്റീവ്. ശരീര വേദനയും രുചി ഇല്ലായ്മയുമായിരുന്നു പ്രകടമായ ലക്ഷങ്ങൾ. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടർന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ജോസ്മി ആന്റണി മുൻകരുതലുകൾ സ്വീകരിച്ചു ജിൻസിക്ക് തുണയായി. കൊവിഡ് പോസിറ്റീവ് ഫലം വരുമ്പോൾ ഒൻപത് മാസം ഗർഭിണിയായിരുന്ന ജിൻസിയുടെ പ്രസവം ജൂൺ പകുതിയോടെയാകാനാണ് സാധ്യതയെന്ന് നേരത്തെ ഡോക്ടർ സൂചിപ്പിച്ചിരുന്നു. ഈ തീയതിയിലായിരുന്നു കുടുംബത്തിന് അൽപമെങ്കിലും ആശ്വാസം.

പ്രതീക്ഷകൾ തെറ്റിച്ചെത്തിയ പ്രസവ തീയതി
മെയ് 15ന് പോസിറ്റീവ് ആയശേഷം നെഗറ്റീവ് ഫലം ലഭിക്കാനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു ജിൻസിയും കുടുംബവും. ഡേറ്റിന് മുൻപ് നെഗറ്റീവ് ഫലം വരാനായി എല്ലാവരുടെയും പ്രാർത്ഥന. അതിനിടെ ചികിത്സയിൽ കഴിയുന്ന ജോസിന് ന്യൂമോണിയ സ്ഥിരീകരിച്ചു, ശ്വാസം മുട്ട് തുടങ്ങി. കൊവിഡ് പോസിറ്റിവായ ഉടൻ ജിൻസി ജോലി ചെയുന്ന അൽ ഐൻ മെഡിയോർ ആശുപത്രിയിൽ ജോസിനെ പ്രവേശിപ്പിച്ചതിനാൽ ആരോഗ്യനില നിയന്ത്രണവിധേയമായി വന്നു.

ഇരുപതു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആശ്വാസമായി ജിൻസിയുടെ ആദ്യ നെഗറ്റീവ് റിപ്പോർട്ട് ജൂൺ നാലിന് വന്നു. അടുത്ത ദിവസം തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു ജിൻസി ചെക്കപ്പിനായി ഡോക്ടറെ കണ്ടു. ബി പി കൂടുതൽ ആണെന്നും തൊട്ടടുത്ത ദിവസം അഡ്മിറ്റ് ആകണമെന്നും ഡോക്ടർ. രണ്ടാമത്തെ പരിശോധനക്ക് അപ്പോൾ തന്നെ സാമ്പിൾ നൽകി.
അടുത്ത ദിവസം ആശുപത്രിയിൽ അഡ്മിറ്റായ ജിൻസിയെ ഫലം വരാത്തതിനാൽ കൊവിഡ് ബാധിതർക്കുള്ള പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മെഡിയോർ ആശുപത്രിയിലെ സഹപ്രവർത്തകർ പരിചരിച്ചിരുന്നത്.
ആറാം തീയതി രാത്രി വേദന കൂടിയതിനെ തുടർന്ന് ഡെലിവറി റൂമിലേക്ക് മാറ്റി. അന്ന് രാത്രി തന്നെ കുഞ്ഞുപിറന്നു. എന്നാൽ, കുഞ്ഞിനെ തൊടാൻ വീണ്ടും നാല് ദിവസം നീണ്ട കാത്തിരിപ്പ്.

വീട്ടുകാരെപ്പോലെ കൂട്ടുകൂടി നഴ്സുമാർ

കൊവിഡ് മുക്തയായെന്നു ഉറപ്പാകാത്തതിനാൽ പ്രസവശേഷം കുഞ്ഞിനെ അടുത്ത് നിന്ന് കാണാൻ ജിൻസിക്കായില്ല. പി പി ഇ കിറ്റ് ധരിച്ച സഹപ്രവർത്തകർ ദൂരെ നിന്ന് കുഞ്ഞിനെ കാണിച്ചുകൊടുത്തു. ദൂരക്കാഴ്ചയില്ലെങ്കിലും കുഞ്ഞുമുഖം കാണാനായല്ലോ എന്ന ആശ്വാസമായിരുന്നു ജിൻസിക്കന്ന്. സ്രവം പരിശോധനക്കായി ശേഖരിച്ച ശേഷം അടുത്ത ദിവസം കുട്ടിയെ സഹോദരി ജോസ്മിക്ക് കൈമാറി. ജിൻസി അപ്പോഴും ഐസൊലേഷൻ റൂമിൽ തുടരുകയായിരുന്നു.

സമീപത്തെ ആശുപത്രി മുറിയിൽ നിന്ന് സഹോദരിയും സഹപ്രവർത്തകരായ നഴ്സുമാരും ഫോണിൽ കുട്ടിയുടെ ചിത്രങ്ങൾ എടുത്തയക്കുന്നത് നോക്കി സമയം തള്ളിനീക്കുകയായിരുന്നു ജിൻസി. പ്രസവത്തിന് മുമ്പ് നൽകിയ സാമ്പിളിന്റെ ഫലം വന്നപ്പോൾ വീണ്ടും പോസിറ്റീവ്. കുഞ്ഞിന്റെ ആരോഗ്യം ഓർത്ത് ആശങ്കയും ആധിയും വർധിച്ച ദിവസങ്ങൾ. വാരിപ്പുണർന്ന് ഉമ്മ നൽകാൻ കൊതിച്ച കുഞ്ഞിനെ ഒന്ന് തൊടാനുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നതിന്റെ നിരാശ.
ജൂൺ പത്താം തീയതിയാണ് അടുത്ത നെഗറ്റീവ് റിപ്പോർട്ട് കിട്ടിയത്. അന്നേ ദിവസമാണ് സഹോദരിയുടെയും സഹപ്രവർത്തകരുടെയും പരിചരണത്തിൽ ആയിരുന്ന കുഞ്ഞിനെ ജിൻസി നേരിൽകാണുന്നതും കൈയിലെടുക്കുന്നതും!.

Latest