ഡിസംബറില്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് യു പിയില്‍ ഇപ്പോള്‍ അറസ്റ്റ്

Posted on: June 30, 2020 8:03 am | Last updated: June 30, 2020 at 10:11 am

ലഖ്‌നോ | വര്‍ഗീയ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സി എ എക്കെതിരെ കഴിഞ്ഞ ഡിംസബറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഉത്തര്‍ പ്രദേശില്‍ ഇപ്പോഴും അറസ്റ്റ് തുടരുന്നു. യു പി കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ തലവന്‍ ഷാനവാസ് ആലത്തെയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ആലത്തെ അറസ്റ്റ് ചെയ്തതെന്ന് ലഖ്‌നോ ഡി സി പി ദിനേഷ് സിംഗ് പറഞ്ഞു. ആലത്തിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഷാനവാസ് ആലത്തേയും രണ്ട് പേരെയും തിങ്കളാഴ്ച വൈകീട്ടോടെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മറ്റ് രണ്ട് പേരെ വിട്ടയച്ച് ആലത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആലത്തെ പോലീസ് കൊണ്ടു പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവും നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്രയും പോലീസ് സ്‌റ്റേഷനിലെത്തി. വിവരം അറിഞ്ഞ് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ലാത്തിവീശി പോലീസ് ഇവരെ ഓടിക്കുകയായിരുന്നു.