Connect with us

Qatar

ഐ സി എഫ് ഖത്വര്‍ മൂന്നാം ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് കണ്ണൂരില്‍ ഇറങ്ങി

Published

|

Last Updated

ദോഹ  | കൊവിഡ് ദുരന്തകാലത്തു പ്രവാസികള്‍ക്ക് അഭയമായി മാറിയ ഖത്തര്‍ ഐ സി എഫ് ചാര്‍ട്ട് ചെയ്ത മൂന്നാമത്തെ വിമാനം ഇന്ന് 168 യാത്രക്കാരുമായി കണ്ണൂരില്‍ എത്തി. ഈ മാസം 26 നു ഐ സി എഫ് ഖത്തറിന്റെ രണ്ടു വിമാനങ്ങള്‍ കോഴിക്കോടും കണ്ണൂരും 352 പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. ഐ സി എഫിന്റെ അടുത്ത ചാര്‍ട്ടേര്‍ഡ് വിമാനം ജൂലൈ രണ്ടിന് കോഴിക്കോടും , ജൂലൈ 6 നു കോഴിക്കോടും കണ്ണൂരും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഗര്‍ഭിണികളും , കുട്ടികളൂം വൃദ്ധന്മാരും, ജോലി നഷ്ടപ്പെട്ടവരും, ഓണ്‍ അറൈവല്‍ വിസയില്‍ തൊഴില്‍ അന്വേഷിച്ചു വന്നവരും അടക്കം നാട്ടിലെത്താന്‍ വളരെ കഷ്ട്ടപ്പെടുന്നവരെയാണ് ഐ സി എഫ് തിരഞ്ഞെടുത്തത്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവര്‍ക്കു സൗജന്യ ടിക്കറ്റും നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയിട്ടുണ്ട്.

ഓരോ വിമാനങ്ങളിലെയും യാത്രക്കാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചു യാത്രയുടെ മുന്നൊരുക്കങ്ങളും ആവശ്യമായ രേഖകള്‍ തയ്യാറാക്കാനും യാത്രയിലും കൊറന്റൈന്‍ സമയത്തും പാലിക്കേണ്ട കാര്യങ്ങളും പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ നിര്‍ദ്ദേശം നല്‍കുന്നത് എല്ലാ യാത്രക്കാര്‍ക്കും വലിയ സഹായകമാവുന്നുണ്ട്.

കൊവിഡ് കാലത്തു ഖത്വറില്‍ പ്രയാസപ്പെടുന്നവര്‍ക്കു ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും എത്തിക്കാന്‍ ഐ സി എഫിന് കഴിഞ്ഞിട്ടുണ്ട്. പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് അഭയമാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഐ സി എഫിന്റെ നേതാക്കളും പ്രവര്‍ത്തകരും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവരുന്നു. ഐ സി എഫ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കേന്ദ്ര കേരളാ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസ്സി , നോര്‍ക്ക അധികാരികള്‍ക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവള മേധാവികള്‍ക്കും ഐ സി എഫ് നാഷണല്‍ നേതാക്കള്‍ നന്ദി അറിയിച്ചു.
നാഷണല്‍ നേതാക്കളായ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ , അബ്ദുല്‍ കരീം ഹാജി മേമുണ്ട, ബഷീര്‍ പുത്തൂപാടം ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ സജ്ജാദ് മീഞ്ചന്ത തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐ സി എഫ് സ്വഫ്വ അംഗങ്ങള്‍ യാത്ര അയപ്പിനു നേതൃത്വം നല്‍കി.